Sunday, 5 September 2021

 എൻപ്രിയനേ


എൻപ്രിയനേ

ഹൃദയം തുറന്നു

 സംവദിക്കാനാവുന്നീലെങ്കിൽ  

എന്റെ  കൈകൾ നിൻ  

ചുമലിലൊരു ഭാരമാണ്

എൻ.പ്രിയനേ 

ഹൃദയംനിറഞ്ഞു

പുഞ്ചിരിക്കാനുവുന്നീലയെങ്കിൽ 

നിന്റെ ചുണ്ടുകൾ

ഉണങ്ങിയ കരിയിലയാണ്


എൻ പ്രിയനേ

ഹൃദയം തുറന്നതു 

കാണുന്നില്ലെങ്കിൽ

നിന്റെ കണ്ണുകൾ

രണ്ടു കുപ്പിച്ചില്ലുകളാണ്


എൻപ്രിയനേ


എൻപ്രിയനേ

ഞാൻ  പോയ്കഴിഞ്ഞ്

എന്റെ പഴയ ഓർമ്മകൾ

 പറഞ്ഞു വിലപിക്കാൻ

നീവരരുത്


എൻപ്രിയനേ  അസ്തമനത്തിന് മുൻപ് 

അൽപനേരം എന്റെ അടുത്ത് 

 നീ ഇരിക്കുമോ പഴയപോലെ

നിന്റെ കൈകൾകൊണ്ട്

എന്റെ കയ്യിൽ മുറുകെ പിടിക്കുമോ ?


 ബലം


ഊർന്നിറങ്ങാതെ നീ

ഉണ്ണീയെൻ ചുമലിൽ

ഊയലാടി കിടക്കുക

ഊർവ്വി നിൻ തുടുപാദംചുടും

കൈകാലാവതില്ല 

കുഞ്ഞേ വേഗാൽ

കരയും നിന്നെ വാരി

കോരിയണച്ചീടാൻ


അംഗഭംഗതയാൽ

അഴലിൻകടലിൽ

അലയാൻ വിധിച്ചു

അവനിയിലീശനെന്നെ


അതിനിടെ ബലമായ്

ആരോ തന്നൂ നിന്നെ

ആരാകിലുംനീയാണ്

അമ്മയ്ക്കേക ബലം

 നീയെൻ മകൻ


വിശന്നേറെ വലഞ്ഞൊരെൻ മുന്നിൽ 

കാടുലയവേ ഒന്നുമോർക്കാതെടുത്തു

ചാടികടിച്ചു കുടഞ്ഞുപോയ് നിന്നമ്മയെ

ഒപ്പം നീയുണ്ടെന്നറിഞ്ഞീല നിന്നാണെ 

ഞാൻ കുഞ്ഞേ പൊറുക്കുക.


എങ്ങിനെ ഞാനാറ്റും നിൻ നോവും 

എന്നുള്ളിൻ നീറ്റലും കുരുന്നേ

ക്രൂരമെൻ ദ്രംഷ്ട്രയിൽ കുരുങ്ങി 

പൊലിയുവതൊരമ്മെയെന്നറിഞ്ഞീല 

കാളും വിശപ്പാലെൻ കണ്ണുകളടഞ്ഞു പോയ്


കഴുത്തിൽ കോമ്പല്ലുകളാഴ്ത്തി

 കോർത്തുവലിച്ചു മരമേറവേ കണ്ടു

കൺകോണുകളാൽ മുലഞെട്ടിൽ

കടിച്ചു തൂങ്ങിയാടി കിടന്ന നിന്നെ


ഒരു നൊടിയിടയിൽ പോയ് 

മറഞ്ഞൊരെൻ പൈ ദാഹമെല്ലാം 

തലയിലൊരു വൻമലയിടിഞ്ഞു 

വീണതു  പോലായ് ഞാൻ 


കൂർത്തൊരു കട്ടാരമുള്ളിൻ 

മുന പോൽ നേർത്തതാം  നിൻ 

കരച്ചിൽ കാതിൽ  തറയ്ക്കുന്നു

എങ്ങിനെയാറ്റും നിന്നഴൽ പൊന്നേ

എങ്ങിനെ പോറ്റും നിന്നെ ഞാൻ.


ഇല്ല ഞാൻ കൈവിടില്ലാ ചോര മണത്താർക്കുമാ

 ദുഷ്ടർക്കെറിഞ്ഞു കൊടുക്കൊലാ നിന്നെ 

വംശവും വർഗ്ഗവും വർണവും വേറെയെങ്കിലും

മാതൃഹൃദയമതൊന്നുതാൻ  


പെറ്റെണീറ്റു വന്നവൾ ഞാനും നിന്നമ്മയേപ്പോൽ

എൻ ഏകജാതനെയെൻ കണവൻ

 കടിച്ചു കുടഞ്ഞു കൊന്നെൻ മുന്നിൽ

അവനായ് ചുരത്തീടുമെൻ 

മുലകൾ നിനക്കേകിടാം ഞാൻ


ആരുമെന്തും പറഞ്ഞോട്ടെ

കരയരുതിനിമേൽ തെല്ലും 

കാടിൻ നീതിയതെന്താകിലും  

ഞാൻ നിന്നമ്മ ഇനിമേൽ നീയെൻ മകൻ


 പൊന്നോടക്കുഴൽ


ഏതോ പുരാതന ജൻമത്തിലെവിടെയോ 

കോലക്കുഴൽ നാദം കേട്ടൂ ഞാൻ   

അന്നു തൊട്ടിന്നുവരേക്കും

കണ്ണാ ....

നിൻ പുല്ലാങ്കുഴൽ

ഗാനം തേടീ ഞാൻ 

നിൻ പൊന്നോടക്കുഴൽ

തേടീ ഞാൻ.


(ഏതോ പുരാതന) 


വൃന്ദാവനത്തിലെ മലർവള്ളികുടിലിലും 

യമുനതൻ തീരത്തും

കേട്ടതില്ല 

മധുരാപുരിയിലും ദ്വാരക തന്നിലും 

വിരഹിണി രാധതൻ ചാരത്തും കണ്ണാ......

തേടിയലഞ്ഞൂ കേട്ടതില്ല 

നിൻ പൊന്നോടക്കുഴൽ കണ്ടതില്ല  


(ഏതോ പുരാതന)


പലജൻമ ശേഷം ഞാൻ

ഗുരുപവനപുരം തന്നിൽ

നിന്നപദാനമിന്നു പാടുമ്പോൾ 

നിൻ തിരുസന്നിധിയിൽ നിൽക്കുമ്പോൾ

അറിയുന്നു കണ്ണാ....

നവരന്ധ്രങ്ങളിൽ 

സരിഗമ ചേർന്നതാം കുഴലെന്ന് നിൻ

പൊന്നോടക്കുഴൽ

ഞാനെന്ന്

(ഏതോ പുരാതന)