Tuesday 15 October 2013

ചെങ്കൊടി പടപ്പാട്ട്

തുടിച്ചിടും കരങ്ങളിൽ ഏന്തിടുന്ന ചെങ്കൊടി
മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക
മിടിച്ചിടും ഞരമ്പിലെ തിളച്ചിടുന്ന ചോരയിൽ
മടിച്ചിടാതെ മുക്കിയിന്നുയർത്തുകെന്റെ ചെങ്കൊടി

തുടിച്ചിടും

ഒളിച്ചിരിന്നു പൊരുതുവോർ വിളിച്ചിടുന്നു നമ്മളെ
കളിച്ചുപോയിടല്ലെനാം തൾച്ചിടേണമവരെയും
കുടിച്ചപാൽ മണത്തിനൊപ്പമേറ്റിടുന്ന പൈത്രുകം
വടിച്ചെടുത്തു പോകുവാനിടം വരാതെ കാക്കനാം

തുടിച്ചിടും

പൊന്നരിഞ്ഞ വാളിനാൽ അരിഞ്ഞരിഞ്ഞു മാറ്റുക
മണ്ണരിഞ്ഞു കൂട്ടുമീ വർഗ്ഗലോകശക്തിയെ
പടഹ കാഹള ധ്വനികളാർന്നിടും രണാങ്കണം
പടനയിച്ചു പാടുവാൻ പോരുകെന്റെ കൂട്ടരെ

തുടിച്ചിടും

ഇടിമുഴക്കിയെത്തിയ വസന്തകാല ഓർമ്മകൾ
പൊടിപിടിച്ചിടാതെ കാത്തുകൊള്ളുകെൻ സഖാക്കളെ
വരട്ടു തത്വവാദമാർന്ന നാളുകൾ കടന്നുപോയ്
വരട്ടെ രക്ത വർണ്ണമാർന്ന താരകങ്ങൾ വാനിലായ്

തുടിച്ചിടും

വിരുന്നു വന്നിടട്ടെ കാണ്മതിന്നു ലോകശക്തികൾ
വിടർന്നു വിലസി നിൽ ക്കുമീ രക്തപുഷ്പരാജിയെ
വിളിച്ചിടട്ടെ ലാൽ സലാം ഉറക്കെ ഒറ്റ ഒച്ചയിൽ
ലാൽ സലാം ലാൽ സലാം ലാൽ സലാം സഖാക്കളേ

തുടിച്ചിടും  കരങ്ങളിൽ ഏന്തിടുന്നചെങ്കൊടി

മടിച്ചിടാതെ വാങ്ങി വാനിലത്രമേൽ ഉയർത്തുക

No comments: