Thursday 20 November 2014

ഒരഛൻ മകളോടു പറഞ്ഞതു


സ്കൂൾ ബാഗെടുത്തോളു കുഞ്ഞേ നടക്കുക,
ബസ്സു വരാൻ സമയമായ് ഏറ്റിവിടാമഛൻ,
ബസ്സ് ഏറുമ്പോളോർക്കുക വൈകിട്ടു സ്കൂൾ-
വിട്ടുവരുംവരേക്കും നീ തികച്ചും തനിച്ച്.

ശ്രദ്ധ വേണമെപ്പോഴുമെന്തിനും ഏതിനും
ബസ്സിൽ ഏറുമ്പോഴും ഇറങ്ങുമ്പോഴും
കിളിമാമൻ കൈ ദേഹത്തു  തടവാതെ നോക്കുക
സീറ്റിൽ അടുത്തിരിക്കുന്നതാരെന്നു നോക്കി
അല്പം അകലമിട്ടിരിക്കുക ദേഹത്തു തട്ടാതെ

മുതിർന്നചേട്ടൻ മാരടുത്തു വന്നിരുന്നാൽ
പതിയെ എഴുനേറ്റു പോവുകസ്കൂളെത്തും വരെ
നിന്നാലും സാരമില്ല സ്വസ്ഥയാവുക
ഒഴിഞ്ഞു മാറാൻ പഠിക്കുവതങ്ങിനെ

കൂട്ടുകാരോടു ചേർന്നു നടക്കുക
ഒറ്റയ്ക്കാകരുതു നീ ഒരു നിമിഷവും
ഒരുകഴുകൻ നിഴൽ നിൻ തലക്കു മുകളിലായ്
പരന്നു കിടക്കുന്നതറിയൂ നീ

മാഷന്മാരാണെങ്കിലും ഒരുകരുതൽ വേണമെപ്പൊഴും
ശിക്ഷാനടപടികളാണെങ്കിലുംതിൻ തുടയിൽ തിരുമ്മാൻ
തുടങ്ങിയാൽ ആ കൈ തട്ടിമാറ്റുകപേടിക്കരുതു കരഞ്ഞു
നിൻ ദൌർബല്യം വെളിപ്പെടുത്തരുത് അതാണു അവരുടെ ബലം


നീ പെൺകുട്ടിയാണു ശരിതന്നെ എങ്കിലും
നീ ഒരിക്കലും ആരുടെയും ഔദാര്യമിരക്കാതെ
നിൻ കാലിൽ നിവർന്നു നില്ക്കുക ഒരിക്കലും
പഠിക്കാതിരിക്കരുതു കാരണം അതിലാണു നിന്റെ
ഭാവി അല്ലെങ്കിൽ നീ ഒരടുക്കളയിൽ ഒടുങ്ങിയേക്കാം

ഉറക്കെ ചിരിക്കരുതു അതു മറ്റുവരെ
നിന്നിലേക്കാകർഷിച്ചേക്കാം അതിനാൽ
ചിരിയടക്കുക നീ തന്നെ യാണു നിന്നെ
രക്ഷിക്കേണ്ടതു എന്നറിയുക


സമ്മാനങ്ങൾ സ്വീകരിക്കരുതു ആരുടെയും
അവ നിന്നെ അടിമപ്പെടുത്തിയേക്കാം ഓർക്കുക
സമ്മാനങ്ങൾ കൊടുക്കരുതു അതു നിന്നിൽ
പ്രതീക്ഷകൾ നിറച്ചേക്കാം മറക്കരുത്

എന്തിനും ഏതിനും  എപ്പോഴുമഛന്റെ
ഇത്തരം വിലക്കുകൾ നിനക്കു മടുത്തേക്കാം
എങ്കിലും അമ്മയില്ലാത്ത കുട്ടിയല്ലേ നീ
വേറാരുണ്ടു പറയാനിതു പോലെനിന്നോടു

ഒന്നിച്ചു പോരാൻ ഈ വാഴ്വു തിരഞ്ഞെടുത്തതിനാൽ
ഏല്ലാരുമുപേക്ഷിച്ചുവല്ലോ ഞങ്ങളെ ഇന്നവളില്ലാതെ
എങ്ങിനെ ഞാൻ  മാത്രം മടങ്ങുമിന്നീ മണ്ണിൽ നിന്നും
നീയല്ലാതാരുണ്ടു കുഞ്ഞേയീ ഭൂവിൽ വാഴാനെന്നൊടൊപ്പം

Wednesday 19 November 2014

ഇല ശിഖരത്തോടു പറഞ്ഞത്


പതിവായ് വന്നു കവിളിൽ തലോടി കടന്നു പോം
പവനനെൻ മനം കവർന്നതു കഴിഞ്ഞില്ല തെല്ലും
പറയുവാനേട്ടാ നിന്നോട് നിനക്കെന്നോടുള്ളതു പോൽ
പ്രിയമവനുമെന്നോടുണ്ടാകുമെന്നു കരുതി ഞാൻ

നമ്മുടെ നന്മമരമാം സദനം വെടിഞ്ഞു ഞാൻ മടിയെഴാതെ
നിലയ്ക്കാതവനോടൊപ്പമിങ്ങനെ പാറിനടക്കാമെന്നൊർത്തു
നിൻസ്നേഹം മറന്നു ഞാൻ പോയ് ക്ഷമിക്കുകെൻ സോദരാ
നിലയില്ലാതിങ്ങനെ അനാഥമായ് പാറിനടക്കുമെൻ ജീവിതമെന്നു
നിനച്ചതില്ലാ ഞാൻ തെല്ലും കഴിയില്ലാ നിന്നോടു ചേരുവാൻ എങ്കിലും
നിനച്ചു പോയ് നിൻ ചാരെയൊരു മുകുളമായ് വീണ്ടും  വന്നു പൊടിച്ചുവെങ്കിൽ 

Thursday 13 November 2014

യാത്രാമൊഴി



നിർത്തുകീ കലമ്പൽ

പാപചുമടുകൾ ഇനിയെൻ ശ്ശിരസേറ്റുക-
ശാപങ്ങൾ പാഥേയമാക്കിതരിക ഞാൻ പോകാം,
ദുഖങ്ങൾ ദാഹനീരാക്കി കുടിച്ചിറക്കാം,

നിർത്തുകീ കലമ്പൽ

വെയിൽ ചൂഴ്ന്നു നില്ക്കുമീ പാതയിൽ-
പ്പൊള്ളുന്ന പാദങ്ങൾ നീട്ടിവെയ്ക്കാം,
രാവിൽ എൻ മോഹങ്ങൾകത്തിച്ച ചൂട്ടു വീശ്ശാം,

നിർത്തുകീ കലമ്പൽ

തെറ്റുകൾ ശരിയക്കിവെയ്ക്ക നിങ്ങൾ,
ശിഷ്ടങ്ങൾ എൻ പേർക്കെഴുതിവെയ്ക്ക-
നഷ്ടങ്ങളാൽ തുഷ്ടമാകട്ടെ ജീവിതം,

നിർത്തുകീ കലമ്പൽ

പിന്നെ ഒക്കയും പൊറുക്കുക, മറക്കുക
നിങ്ങൾ നേരാതിരിക്കുക മംഗളം,
യാത്ര തുടങ്ങട്ടെ ഞാൻ ഇനിവരാതെ വണ്ണം
പുണ്ണ്യ തീർത്ഥങ്ങൾ എത്രയോ.....കാതമകലേ


Wednesday 12 November 2014

കല്ലറ

കല്ലറയിതെൻ പ്രണയമടക്കിയ കല്ലറ,
അല്ലലറിയാത്തവരുടെ  പ്രണയമല്ലതു,
സ്നേഹ ലാളനമേല്ക്കാത്തവന്റെ
എക അശ്രയമായിരുന്ന പ്രണയം,


വളരെ ലളിതമായിരുന്നതു
ഒരുനോട്ടം, ഒരു ചെറു ചിരി,
ഒരു ലിഖിതം ,ഒരുസ്പർശം
അതിലൊതുങ്ങുമെല്ലാം,

അതു മാത്രം മതിയായിരുന്നു,
ഉള്ളിലൊരു കടലിരമ്പത്തിനും,
ഒരു തിരയിളക്കത്തിനും,
ഒരു ചുഴിക്കുത്തൊഴുക്കിനും.

രാവേറെചെല്ലവേ ഒരുപിടി സ്വപ്നവും,
മറോടടക്കിയവൾ വന്ന നാൾ,
അറിയില്ലെന്നു നടിചു തിരിച്ചയച്ചേൻ ,
അന്നു ഞാൻ തീർത്തതീ കല്ലറ.

എൻ പ്രണയമടക്കിയ കല്ലറ,,,!

ശ്രീ

“അതിജീവനം”



ഭാഗം1.
‘നിലനില്പ്’

കാട്ടുതേക്കിൻ വേരു പോലുള്ള പാദങ്ങൾ.
നരക നഗരത്തിങ്കൽ ആഴ്ത്തിനിർത്തി,
കാട്ടു ചുള്ളിക്കമ്പു പോലുള്ള വിരലുകൾ,
നഗരനരനുടെ മുഖത്തേക്കു ചൂണ്ടിനിർത്തി.

നിലനില്പ്പിനായ് നിലകൊള്ളുന്നു തൻ-
നിലം വിട്ടിങ്ങു പോന്നൊരീ നിരാലംബമാർ,
നിർനിമേഷം ഉറ്റുനോക്കുമീ കൺകളിൽ,
നിലയ്ക്കാത്ത ഉലതൻ കനൽത്തിളക്കം.

ഗോത്രതാളം ചവിട്ടുന്നൊരീ കാല്കളിൽ,
അമർത്തും അമർഷത്തിൻ ഇടിമുഴക്കം,
ശോത്രം നിറയ്ക്കുമീ വായ്ത്താരിയിൽ,
ചാർത്തുന്നു പകയുടെ വാളിരമ്പം.

ഭാഗം 2
‘പുരാവൃത്തം’
അറിവായ  അറിവുകൾക്കൊക്കെയുമപ്പുറം,
അർഥമനർത്ഥം വിതയ്ക്കുന്ന നാടിന്നുമപ്പുറം,
അത്യാർത്തിതൻ പറ മുഴങ്ങുന്ന മേടിന്നുമപ്പുറം,
അടിമ,അടിയാൾ ഉടയോൻ ഭേദത്തിനപ്പുറം.

ആദിമ വനാന്തര ഗഹ്വരങ്ങൾ തന്നിൽ,
ആടിയുറഞ്ഞു തിമർത്തു നടന്നവർ,
ആടലേതും അറിയാതെ വസ്സിച്ചവർ,
ആടിമാസ്സത്തിങ്കൽ ഒട്ടിക്കഴിഞ്ഞവർ,

ആവണിപിറക്കവേ തിനയിറക്കി,
ആനയാട്ടി ചാമ കൃഷിയിറക്കി,
ആളും അനക്കവുമില്ലാത്തകാട്ടിലെ,
ആരൻ കിഴങ്ങുകൾ ചുട്ടു തിന്നും,

ഇലകൂട്ടി ഉടലിന്റെ നാണം മറച്ചും,
ഇല്ലിപ്പടർപ്പിൽ  പുണർന്നും,നുകർന്നും,
ഇരു നാഗരൂപത്തിൽ ചുറ്റിപ്പിണഞ്ഞും,
ഇണചേർന്നുറങ്ങി തളർന്നും തെളിഞ്ഞും,

ഈറ യേതുമേയില്ലാതെ നൊന്തും കരഞ്ഞും,
ഈറപ്പടർപ്പിലന്നീറ്റുനോവാൽ പിടഞ്ഞും,
ഈഷലന്യേ നൽ ക്കുലം തളിർത്തും തെഴുത്തും,
ഈശ്ശനെ മാത്രം വണങ്ങി പ്പുലർന്നും.

ഉരിയ മുളയരി, അരിയൊരീ കാട്ടു തേൻ,
ഉരച്ച കന്മദം, ഉണങ്ങിയ വെരൂമ്പുഴു,
ഉരിച്ച പുലിത്തോൽ, പറിച്ച നരിനഖം,
ഉറച്ച കുന്തിരിക്കം, ഏലം, അകിൽ മരം, ചന്ദനം

ഊർവരമീ ക്കാടു നല്കും മീ വിഭവങ്ങൾ,
ഊനമില്ലാത്തതാം സമ്പാദ്യമെങ്ങൾക്കു,
ഊരാളിതുള്ളുന്ന ഉൽസവാഘോഷങ്ങൾ,
ഊരൊക്കെ മാർകഴിപ്പൂരം ,തപ്പുകുറുംകുഴൽ മേളം ,

ഋതുക്കൾ മാറി  പ്പുലർത്തുന്ന പൂവനം ,
ഋക്കുകൾ മന്ത്രങ്ങൾ ചൊല്ലുന്ന കാടകം,
ഋഷികൾ ചമതകളെരിച്ചൊരീ വാടകം,
ഋജുവായ സത്യം പുലരും ആരണ്യകം,

ഭാഗം 3
‘വർത്തമാനം’

എങ്ങുനിന്നോ വന്നിവർ കാട്ടിലായ്,
എണ്ണം പറഞ്ഞങ്ങു വെട്ടീ മരങ്ങളും,
എന്ത്രക്കലപ്പയാൽ കുന്നുകൾ നിരത്തി,
എത്ര നീർച്ചോലയുടെയുറവകൾ തുരന്നു.

ഏതും അറിയാകിടാവിന്റെ മാനം കവർന്നും,
ഏതും ഓരാത്ത പെണ്ണിന്റെ ചേലയഴിച്ചും,
ഏറ്റോരെൻ  പുത്രന്റെ പെരുവിരലറുത്തും,
ഏറു മാടങ്ങൾ തീയിട്ടു വിളകൾ കയ്യേറിയും,

ഒത്തു വരുന്നിവർ  പലനിറ കൊടികളും പേറി,
ഒരു കെട്ടു പുകയില, ഒരു കുപ്പി മദ്യം,
ഒരു ചുരുട്ടിൻ പുക, ഒരു വെള്ളി നാണ്യം,
ഒരു തിളങ്ങും തുണി, ഒരു മുക്കുപണ്ടം,
ഒരുമ വിറ്റുവെന്നറിയാതുറങ്ങുന്നു മൂപ്പൻ,

ഓർക്കുവാൻ വയ്യേന്റെ തൈവേ,
ഓർമ്മയില്ലാതലയുന്നു കണവൻ,
ഓജസ്സും മാനവും കെട്ടു പോയ്,
ഓട്ടക്കാശിനു വില്ക്കുന്നെൻ മാളെ,

ഔപചാരിക സമ്മേളനം കഴിഞ്ഞ്-
ഔത്തരേയൻ ഈ വിധം ചൊല്ലീ,
ഔദാര്യമോടാതങ്കമാറ്റാൻ ഒരുക്കുക,
ഔപായകം പുനരധിവാസം ക്ഷണം.

അംകുശം ഇല്ലാതെ വിശ്വസിച്ചീടുവാൻ,
അംബയല്ലാതില്ലാരുമീ മണ്ണിൽ,
അംശാധിപതികൾ നാം കാനന ഭൂമിതൻ,
അംശിച്ചേനെങ്ങളേ നിങ്ങൾ.

ഭാഗം 4
‘ഫലശ്രുതി’
അനർത്ഥം പെരുകുന്നു മുടിയുന്നു കാനനം,
അരചർ അടിയാളരായ്  ദൈന്യംകഴിക്കുന്നു,
അലറുന്നു മലമുത്തിചുടു ചോരകിട്ടുവാൻ,
അലിവെഴാ തമ്പ്രാക്കൾ ചൂഴുന്നു കൺകൾ.

കരിവീരമരുതിന്റെ ഉച്ചിയിൽ കയറുവോർ,
കരിവീരകൂട്ടമൊടു കൊമ്പുകൾ കോർത്തവർ,
കരിംചാതിയെ ഒക്കെ മാലയായ്  പോട്ടവർ,
കരിമ്പുലിയെ കാട്ടിൽ  വേട്ടയാടുന്നവർ,
കോൺക്രീറ്റു പണിയാളരായി മാറുന്നു.

കാട്ടുതേൻ തിനകൂട്ടിതിന്നവരെങ്ങൾക്കു-
കാട്ടുന്നു പുഴുവാർക്കും പച്ചരിച്ചോറുമാത്രം,
ആരോഗ്യപ്പച്ചയാൽ രോഗങ്ങളാറ്റിയോർ,
ആയുസ്സെഴാതിന്നു ചത്തു മലയ്ക്കുന്നു.

കാട്ടു ഞാവൽ പഴം പോലുള്ള മുലഞ്ഞെട്ടു-
നൊട്ടി നുണഞ്ഞു  കൊഴുത്തു വളർന്നവർ,
കരയുവാൻ കഴിയാതെ ചാപിള്ളപേറുന്നു,
കനിവെഴാതമ്പുരാന്മാരേ മതിയിനി നിറുത്തുക.

ആദിവാസ്സികൾ പൊക്കോട്ടെ  കാട്ടിൽ,
ആരും വരേണ്ട നന്നാക്കുവാനെങ്ങളേ,
ആവാസ്സസംസ്ഥിതി മാറ്റാതിരിക്കുക,
ആരുമറിയാതെ ഞങ്ങൾ കഴിഞ്ഞിടാം.

കാട്ടു കനിയും, കിഴങ്ങും, ഈ കാട്ടു വാഴപ്പഴവും,
കാട്ടു ചോലയും, കുളിരും ,ഈകാട്ടുതേനും,വയമ്പും ,                                     ചേർത്തു കാനന ഹൃദയാന്തരങ്ങളിൽ എങ്ങളേ,
കാത്തിരുപ്പുണ്ടു മുത്തി - നോക്കിനില്പുണ്ട് മുത്തി.
ഒരുനാളിലവളുടെ നെറ്റിക്കൺ കനലിനാൽ,
ഒരുകുഞ്ഞുമില്ലാതെയായ്  നിൻ കുലം മുടിയും,
ഒരായിരം വിത്തുകൾ വാരിവിതച്ചവൾ,
ഒരു മുത്തു മാരിയായ് പെയ്തിറങ്ങും.

നിൻ അഭിമാനഗോപുരം കടലെടുക്കും,
നീയാർജ്ജ്ജിച്ചൊരറിവുകൾ  മറന്നു പോകും,
നിൻ മകൾനിൻ മുൻപിലഭിസരിക്കും,
നിൻ മനൈവി നിന്നെ വെടിഞ്ഞു പോകും,

കട്ടും കവർന്നുമായ്  നീകൊണ്ടതെല്ലാം,
കല്ക്കഷണമെന്നു നീ കണ്ടറിയും,
കട്ടിസ്വർണ്ണത്തിനാൽ നീ തീർത്ത-
കോട്ടകൾ, കൊത്തളം, പത്തനം കാടുകേറും.

ഒരുവേളയക്കാട്ടിലലയുമൊരുനഗ്നനായ്,
ഒരുദിനം നിന്നെ ഞാൻ കണ്ടു മുട്ടും  നീ-
ഒരു തുള്ളി കനിവിനായ്  നാവു നീട്ടും,
ഒരു ബോധവാത്മീകം വിട്ടു ഞാൻ നിന്മുന്നിൽ,
ഒരു കുമ്പിൾ കഞ്ഞി പകർന്നു നല്കും.

പിന്നെ അപരന്റെ ദുഖം സ്വദുഖമായ്ത്തീരുന്ന,
പങ്കുവെയ്ക്കുന്നതിൻ സന്തോഷമറിയുന്ന,
പലതല്ല ഒന്നെന്ന സത്യം പറയുന്ന,
പാഠം നിനക്കായ് പകർന്നു നല്കും.

ശ്രീ

Friday 7 November 2014

ഇനിയില്ല



ഇനിയില്ല പാടുവാനൊരുകവിതപോലും
ഇനിയില്ല മൂളുവാൻ ഒരു  വരിശ്ശ പോലും
ഇനിയില്ല  ഇടനാഴി ഒന്നിച്ചു പോകുവാൻ
ഇനിയില്ല പടവുകൾ ഒന്നായ് കരേറുവാൻ

ഇനിയില്ല അർത്ഥം പൊലിപ്പിച്ച സന്ധ്യകൾ
ഇനിയില്ല നീയുള്ള നിറമാർന്ന ഞായറുകൾ
ഇനിയില്ല നിൻ സ്നേഹ സാമിപ്യഭാഷണം
ഇനിയില്ല തണുവിരൽസപർശമീ സ്വാന്തനം

ഇനിയില്ല യെൻ ചുമൽ തലോടും കരങ്ങൾ
ഇനിയില്ല വിറയാർന്ന ചുംബന സുമങ്ങൾ
ഇനിയില്ല പറയുവാൻ പരാതികൾ പരിഭവം
ഇനിയില്ല മഷിപടരും മിഴിയിലെ നൊമ്പരം

ഇനിയില്ല വളയോശ്ശ ,കൊലുസ്സിൻ കിലുക്കം
ഇനിയില്ല നിൻ ചേലയുലയുന്ന നാദം
ഇനിയില്ല ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരി
ഇനിയില്ല നിൻ നിറസൗഹ്രുദപൂത്തിരി

ഇനിയില്ല എന്നോർമ്മ  നീ വെടിഞ്ഞീടുകിൽ
ഇനിയില്ല നിന്നോർമ്മ യെന്നെ വെടിയുകിൽ
ഇനിയില്ല ഈ ഞാനും ഈവിണ്ണുമൊന്നും
ഇനിയില്ല  നീയില്ലയെങ്കിലീ മണ്ണും


ശ്രീ

Saturday 1 November 2014

ഒരുനഷ്ടപ്രണയത്തിന്റെ ഓർമ്മയ്യ്ക്ക് ഒരുപിടി നൊമ്പരപ്പൂക്കൾ


1
തത്വ ശാസ്ത്രങ്ങളും താത്വിക ചിന്തകളും,
ഒരു ചീന്തു കടലാസ്സിൽ എഴുതിയുപേക്ഷിച്ചു,
നമ്മൾക്കു പിരിയാം ചിരിച്ച മുഖവുമായ്,
വീണ്ടും ഒരിക്കലും കാണാതിരുന്നേക്കാം ,
എങ്കിലുമോർമ്മയിൽ ഉണരട്ടെ,
പഴയൊരാ ദിനങ്ങളും നിമിഷങ്ങളും.
2

വീണ്ടുമൊരു പനിനീർ മലർ വിരിയും ,
നിന്റെ തൊടിയിൽ ഇതളുകളിൽ ഇറ്റു-
നില്ക്കുന്നൊരാ മഞ്ഞിൻ കണികയുമായ്,
ഇവിടെയോ വെയിലേറ്റു വാടിവീഴുന്നൊരാ,
വാകതൻ പൂക്കളും ദുഖംതിളച്ചു പതയുന്ന,
കായലിൻ തപ്ത നിശ്വാസമേറ്റിനി,
തേങ്ങിപ്പിടയുംചൂളമരങ്ങളും ,നീളുന്ന നിഴലും,
3
ഇനിയീ വിഷാദത്തിൻ പർവ്വം കടന്നൊരു,
സന്തോഷലോകത്തിലേക്കെത്തുവാൻ,
എന്തുചെയ്തീടണം ഞാനെന്നു ചൊല്ക നീ,
പിന്നെ ഒരു മാത്ര നില്ക്കാതെ ഒന്നുമേ ഓരാതെ
പൊയ്കൊൾക എൻ സഖീ ജീവിതത്തിന്റെ,
ഹരിതവർണ്ണങ്ങൾ വിളിപ്പു നിന്നെ.
4
കാർത്തികവിളക്കുകൾ കരിന്തിരി കത്തുന്നു,
കാർത്തിക നക്ഷത്രമിന്നസ്തമിക്കുന്നു,
കാത്തിരിപ്പുകൾ വ്യർത്ഥമെന്നോതി,
നീ കാത്തു നില്ക്കാതകന്നു പോയീടവേ.
5
ഓർമ്മയിലോരോ ദിനങ്ങളുണരുന്നു,
നമ്മൾ പരസ്പരം എല്ലാം മറന്നങ്ങു -
നിന്ന നിമിഷങ്ങൾ,
ഒരു ദിനം നീ ചൂടി വന്നൊരാ മുല്ലമാല തൻ-
ഇതളുകൾ ഇന്നും ഉറങ്ങുന്ന പുസ്തകത്താളുകൾ,
ഒക്കയും എത്രമേൽ ഹൃദ്യം.......
ഒക്കയും ഏത്രമേൽ ഹൃദ്യം.
6
ഇനി നീ പിരിയുന്നോരീവേളയിലെന്റെ ,
സ്വപ്നങ്ങൾ മാത്രം മടക്കിത്തരില്ല ഞാൻ,
ഉള്ളിന്റെ ഉള്ളിൽ വിരിയുന്ന“ നൊമ്പരപ്പൂക്കൾ”,
നീ കാണാതിരിക്കുവാൻ കരുതട്ടെ ഞാൻ.
7
ഓമനേ  നിന്മുഖത്തെന്നോ വിരിഞ്ഞൊരാ-
സ്മേരമെന്നോർമ്മയിൽ വീണ്ടും ഉണരവേ ,
രാവിലൊരു പാരിജാതം വിടരുന്നു, നീയതിൻ
സ്നേഹസൌരഭ്യമാകുന്നു-സാമിപ്യമാകുന്നു.
8
ജീവിതം നല്കിയ കയ്പ്പു നുണഞ്ഞു ഞാൻ,
എന്റെ ചൊടികൾ വരണ്ടു നില്ക്കേ.
എന്നോ നീയെനിക്കേകിയൊരാ സ്നേഹ-
ചുംബനം മാത്രമേ ബാക്കി നില്പ്പൂ.
9

ഈണം മറന്നൊരീ ഈരടി നിൻ കാതിലെത്തവേ,
ഓർക്കുമോ മൽസഖീ മധുരസ്വപ്നങ്ങൾ,
ഒരുക്കുമാ ശയ്യയിൽ വീണിന്നുറക്കമാണെങ്കിലും,
മയക്കമാണെങ്കിലും.
10
“പോകുവാനെത്രയോ ദൂരം  ഹാ ഈ യാത്രയിൽ -
കാണുന്ന മോഹന രൂപങ്ങൾ ഈ ശാന്തി-
ഗീതങ്ങൾ എകുന്നതില്ലെനിക്കൊന്നും“.
11
അക്കങ്ങൾ ജീവിതയാത്രയ്ക്കു ചുക്കാൻപിടിക്കുന്നു,
സ്വന്തബന്ധങ്ങൾ തീർക്കുന്ന ബന്ധനത്തിൽ
പെട്ടുഴറിപ്പിടഞ്ഞു കുഴഞ്ഞു വീഴ്കേ,
ഒരു കുഞ്ഞു കൈവിരൽ സ്പർശനം കൊണ്ടു-
നീ എന്നെ ഉണർത്തുമെന്നോർത്തു കിടന്നു  ഞാൻ.
12
ഇനിയുമൊരു ചെറു ചിരിയുമൊരു പ്രേമ ഗീതവും,
ഒരു തേൻ തുളുമ്പുന്ന വാക്കും നല്കുവാനില്ലൊന്നും ,
എന്റെ ഭാണ്ഡ്ത്തിലീ ആർദ്രവിഷാദത്തിൻ ഗീതമന്യേ.
13
രാവിന്റെ കൊമ്പിൽ ഇരുന്നു വിതുമ്പുന്ന,
രാപ്പാടി നിൻ മ്രുദുഗാനത്തിലൂറുന്ന ഗദ്ഗദം ,
മായ്ക്കാൻ മറയ്ക്കാൻ വൃഥാ നീ ശ്രമിച്ചാലും
നിന്നെ അറിയുമെനിക്കറിയാം നിന്റെ,
നെഞ്ചിൽ നിറയുംവിഷാദം.
14
ആത്മനൊമ്പരങ്ങൾ മാത്രമാണെന്റെ-
കൂട്ടുകാർ എങ്കിലുമീജന്മ തടവറയിൽ,
ഞാനെന്റെ മോഹങ്ങൾ,
മുറുകെ പ്പുണർന്നിനി ഉറങ്ങാൻ ശ്രമിക്കട്ടെ,
മയങ്ങാൻ തുടങ്ങട്ടെ.
16
നിറയെത്തുളുമ്പുന്ന മധു പാത്രം നീ നിന്റെ,
ചൂണ്ടോടു ചേർത്തു നുകർന്നു നില്ല്ക്കേ,
കട്ടച്ച കൂരിരുൾ മൂടുമീ പ്പാതയിൽ ഞാനിന്നു,
ദിക്കറിയാതെ നില്ക്കേ ഒരുകുഞ്ഞു നക്ഷത്രവെട്ടമായ്- നീയെന്റെ വഴിയിൽ നിറഞ്ഞു തെളിഞ്ഞു വെങ്കിൽ.

17
”ഏറെക്കൊതിച്ചവ നേടാഞ്ഞ ദുഖവും,
ഏറെക്കൊതിച്ചവ നേടിയ ദുഖവും,
ജീവിതത്തിൻ ദുരന്തമെന്നത്രേ“
പണ്ടു നീചൊന്നതിന്നു മോർക്കുന്നു ഞാൻ.
18
പണ്ടു  നമ്മൾ പരസ്പരം മാനസം,
പങ്കുവെച്ച് ഒന്നിച്ചു വന്നൊരാ വീഥികളിൽ,
ഞാൻ നിന്റെ കാലടിപ്പാടുകൾ തേടി-
തളർന്നൂ ,തനിച്ചു നില്ക്കേ,
നീയോ പുഷ്പങ്ങളേറെ വിരിച്ചേതു,
പാതയിൽ മന്ദമായ് മുന്നോട്ടു പോകയാകാം.
19
നിദ്രവന്നു തഴുകി ത്തലോടുന്ന വേളയിൽ,
അറിയാതെ നെഞ്ചിന്റെയുള്ളിൽ തുടിക്കുന്ന-
ജീവന്റെ താളത്തിനൊപ്പമേ നിന്റെ പേരാരോ,
മൃദുവായ് ജ്പിക്കുന്നതറിവു ഞാൻ.

20
എല്ലാം വെറു മൊരു ഭ്രാന്തായ് മാറട്ടെ,
എല്ലാം വെറുമൊരു കെട്ടു കഥയാകട്ടെ,
എല്ലാം വെറുമൊരു ദുസ്വപ്നമാകട്ടെ
എല്ലാം മറന്നിട്ടുറങ്ങാൻ തുടങ്ങട്ടെ,
മയങ്ങാൻ ശ്രമിക്കട്ടെ.
21
എങ്കിലും വാനമൊരു നീലനിറമാളുമ്പോൾ,
നിൻ നീലമിഴികളെന്നുള്ളിൽ നിറഞ്ഞു നില്ക്കും,
എങ്കിലും സന്ധ്യകൾ ചുവന്നു തുടുക്കുമ്പോൾ,
നീ തൊട്ട പൊട്ടെന്റെ ചിന്തയിൽ കത്തി നില്ക്കും,
എങ്കിലും മുല്ലകൾ പൂത്തു നില്ല്കെ,
നിൻ ഗന്ധമെന്നിൽ നിറഞ്ഞു നില്ക്കും.
22
നാളെ കിഴക്കൂന്നു വന്നൊരാക്കാറ്റു,
നിൻ തൊടിയിലെ പനി നീർ മലരിൻ-
ഇതളുകൾ മെല്ലെ ത്തഴുകി കടന്നു പോകും,
ഇവിടെയോ വാകയിൽ പൂവുകൾ ഏറെയുണ്ടു-
ഇനിയുമവ വെയിലേറ്റു വാടി വീഴും,
ദുഃഖം തിളച്ചു പതയുന്ന കായലിൻ-
തപ്ത നിശ്വാസമേറ്റിനി തേങ്ങിപ്പിടയും,
ചൂള മരങ്ങൾ വീണ്ടും.!

ശ്രീ
1991ഡി.ബീ. കോളേജ്ശാസ്താം കോട്ട
കോളജു മാഗസിനിലേക്ക് എഴുതിയ കവിത

Tuesday 7 October 2014

ആദ്യ പ്രണയം



ഏതോ ജന്മത്തിൻ കാണാചരടിനാൽ
കോർത്തുപോയ് പണ്ടേ ഈ മണ്ണിൽ നാം
അല്ലെങ്കിലെന്തേ ഇതുപോൽ തമ്മിൽ
കാണ്മതിനെന്നുള്ളം  കുതികൊൾവൂ

ഏതോ യുഗത്തിൽ  കോറിവെച്ചാരോ
നിന്റെപേരെൻ ഹ്രുദയ ഭിത്തിതന്നിൽ
അല്ലങ്കിലെൻ ജീവ താളത്തുടിപ്പിലും
നിൻ നാമം ആർ മ്രുദുവായ് ജപിപ്പൂ

ഏതോ പുരാതന ക്ഷേത്രാങ്കണത്തിലിൽ
നിന്നേതൊരു ദേവതാ ശില്പ്പം പോൽ
നിന്നു നീ എന്നുടെ മുന്നിൽ മറ്റൊരു
ശ്രീദേവി പ്രതിരൂപമാർന്ന പോലെ

എതും നിബന്ധനയില്ലാതെ കാത്തിട്ടും
ഒട്ടും ഉപാധികൾ വെക്കാതിരുന്നിട്ടും
വിട്ടുപോയ് എന്നെ നീ ആദ്യപ്രണയമേ
ഇന്നുമെൻ തൂലികക്കാവതില്ലാ തെല്ലും.
നിന്നെ കുറിച്ചെഴുതാതിരിക്കാൻ


Sunday 5 October 2014

ഒരു പൈങ്കിളി കവിത


കളകളം പറഞ്ഞൊഴുകും തെളിനീർ പുഴയും
നാണമിയലുന്നൊരു ചെറുകൈത്തോടും
കരയിൽ പീലി നീർത്തി സ്വാഗതമരുളുവാൻ
നല്ലിളനീർക്കുടം പേറും കേര വ്രുക്ഷങ്ങളും

ഓലകളിൽ തങ്ങി ത്തിളങ്ങും മഞ്ഞുതുള്ളികളും
പേറി കുനിഞ്ഞൊരാലസ്യത്തോടു ചായും
നൽ വയലേലകളൂം ഓർക്കുമ്പോൾ ഉള്ളിൽ
കിനിയുന്നോരാ നിനവിൻ സുഖം പറയാവതല്ല

ഓർക്കുമ്പോൾ തരിക്കുന്നു മെയ്യാകെ
ഉണരുന്നു മോഹങ്ങളെന്നുള്ളിലാകെ
ഓർക്കുവാനല്ലാതെയീ മണൽ നഗരത്തിൽ
അഭയാർഥിയായ് കഴിയും ഞനെന്തു ചെയ്യാൻ

കുത്തൊഴുക്കിൽ മറ്റൊരു കച്ചിതുരുമ്പായ്  ഞാനും
മുഖമില്ലൊരെണ്ണമെങ്ങും നിറയും ദയാ വായ്പ്പിൻ
അണിയുന്നു ഞാനും  കാപട്യത്തിൻ ചായം തേച്ച
പൊയ്മുഖമൊരെണ്ണം ലോകരെ നോക്കി ചിരിക്കാൻ

പോകണം പോയിക്കാണണം എനിക്കെൻ നാടിനെ
നുകരണം നുകർന്നുറങ്ങണം എനിക്കാ സ്വർഗീയമധു
എൻ പ്രിയ നാടേ വരുന്നിതാ നിൻ മകൻ നിന്നിലെക്കായ്
എൻ അമ്മതൻ ഗർഭപാത്രം തേടീയൊരു പുനർജ്ജനിക്കായ്

വീണ്ടും കാണും  ഞാനെൻ നാടിനെ മുങ്ങികുളിക്കും
ഞാനാതെളീനീരലകൾഞ്ഞൊറിയും പുഴയിലാവോളം
കിടക്കും ഞാനാ കരയിലെ വാകപ്പൂമലർശയ്യയിലൊരു
മലർമാല്യം കൊരുത്തു കാക്കും നിനക്കായ് പണ്ടേപ്പോൽ

പുളിയിലകരയൻ മുണ്ടും നേര്യതും  ഈറൻ മുടിത്തുമ്പിൽ
തുളസ്സിക്കതിരും വരമഞ്ഞൾക്കുറിയും പൂപ്പാലികയുമേന്തി
പ്രദക്ഷിണവഴിയും കടന്നു വന്നു നില്ക്കുമവളെന്നരികിൽ
പ്രഭാത കാലത്തു വിരിയും മുല്ലമലർപോലെ നിർമലമായ്

പടരുമവൾ തൊട്ട കുംകുമപൊട്ടിൻ ചുവപ്പെൻ കവിളിൽ
അതു കണ്ടു ചിരിക്കുമവൾ തെല്ലുറക്കെ കളിയാക്കിയെന്നെ
പെട്ടന്നു നടിക്കും ഞാൻ പരിഭവം അതു കാൺകെ നിർത്തും
ചിരിയവൾ നിറയും കൺകൾ എന്നോട് ചോദിക്കും പിണങ്ങിയോ

അതു കാൺകെ അലിയുമെൻ പരിഭവം ഒന്നാകും ഞങ്ങൾ
ഒന്നിച്ചു കൈകോർത്തു നടക്കും ഞങ്ങളാപുഴക്കരയിൽ
പൂഴിമണ്ണിൽ അമരും പാദങ്ങൾ തൻ കീഴേപൊട്ടിചിരിക്കും
പഞ്ചാരമണൽത്തരികളെൻ പ്രാണ പ്രേയസ്സിയെ പ്പോൽ

 ഞെട്ടിയുണർന്നൂ ഞാൻ തകർന്നൂ ചിന്തതൻ വാത്മീകം
എത്തിയെൻ ശകടമെൻ നാട്ടിൽ ചാടിയിറങ്ങിയ ഞാൻ
ചുറ്റും നോക്കി പകച്ചു  നിന്നേ പോയ് ചിന്തയിൽ ലയിച്ച
 ഞാൻ എത്തിയോ  യാത്ര തുടങ്ങിയ മഹാനഗരത്തിൽ വീണ്ടും

ഇതുതന്നെയെൻ നാടെന്നു തിരിച്ചറിഞ്ഞൂ ഞാൻ
തളർന്നേ പോയ് ഞാൻ തകർന്നൂ എൻ സ്വപ്നങ്ങളും
നടന്നൂ ഞാനെൻ തറവാട്ടിലേക്ക്  കതിരാടിയ വയലും
വഴുക്കും വരമ്പും ചെറു കൈത്തോടും  പോയ് നിരത്തായ്

ചീറിയോടുന്നവയിലൂടെന്നെക്കളിയാക്കി വാഹനങ്ങൾ
മാറ്റത്തിൻ പുതു മോടികൾ മാത്രമെങ്ങുമെവിടെയും കാണാം
മാറിയ നാടേ നിന്നെ കുറിച്ചുള്ള പ്രതീക്ഷകൾ പോലും
അമ്പേ മാറിപ്പോയെത്ര പെട്ടന്നെന്നുള്ളിലും,കഷ്ടം

 എത്തി ഞാനെൻ തറവാട്ടിൻ മുന്നിൽ കണ്ടു ഞാനെൻ
പഴയ വീടിൻ സ്ഥാനത്തൊരുഗ്രൻ കോൺക്രീറ്റ് സൌധം
കാണുന്നൂ ഞാനിവിടെയും ചായം തേച്ച മുഖം മൂടികൾ
ഉളിപ്പല്ലുരയും ശബ്ദം   മറച്ച കുശലാന്വേഷണങ്ങൾ

മാറ്റങ്ങൾ തകർത്തൂ മാനസ ഭിത്തികളെ  കരിഞ്ഞൂ
പ്രതീക്ഷകൾ  കൊഴിഞ്ഞൂ വിരസമാം ദിനങ്ങൾ
പ്രതിഫലം കൊതിക്കും സൌഹ്രുദ കൂട്ടായ്മകൾ
ക്രുത്യമായ് വിലയിട്ട പിൻ വിളികൾ ഹസ്തദാന കർഷകർ

പെട്ടെന്നോർമ്മയിലോടിയെത്തിയെൻ പ്രേയസ്സിയും
വാകയും പൂത്തു നില്ക്കും പുഴയോരവും മണൽത്തിട്ടയും
മലർശയ്യയും കുളിർത്തെന്നലും മധുരിക്കുമാ ദിനങ്ങളും
അറിയാതെൻ പാദങ്ങൾ അവിടേക്കു നീങ്ങുന്നതറിവുഞ്ഞാൻ

നൽത്തെളിനീർ നിറഞ്ഞൊരാപനിനീപൂമ്പുഴ നിലയെഴാ-
കയമൊളിപ്പിച്ച കറുത്ത മണലൂറ്റു ക്കുഴിയായ്ത്തീന്നിതാ
നിൻ മലർപാദങ്ങൾ പതിഞ്ഞ പഞ്ചരമണൽത്തിട്ടയോ
ലോറിച്ചക്രം പുതഞ്ഞു വികൃതമാം വഴിച്ചാലായ് മാറി

സ്നേഹാശംസകൾ ചൊരിഞ്ഞൊരാ വാകമരം നിന്ന
പുഴയോര ഭൂമിയോ കാണാനില്ലവിടെ  സ്വഛ സുന്ദര
സ്വപ്നഭൂമിയേ കോരി വിൽ ക്കുന്നു  ലാഭമോഹികൾ
വിറ്റു തിന്നുമവർ സ്വന്തം അമ്മയേയും മടിയെഴാതെ

പെട്ടന്നെൻ മുന്നിൽ സ്കൂട്ടിയിലെത്തിയ രൂപം കണ്ടു
ഞെട്ടീ ഞാൻ വീണ്ടും  കണ്ടൂ പണ്ടത്തെ പ്രിയതമയെ
സ്ട്രെയിറ്റാക്കിയ ചെമ്പൻ മുടിയിഴകൾ ക്യൂട്ട്ക്സ് പുരട്ടിയ
വിരലാൽ മാടിയൊതുക്കി ലിപ്സ്റ്റിക്കും റൂഷും തേച്ചവൾ
നിന്നെൻ മുന്നിൽ നിർലജ്ജം ലാസ്യഭാവനടനമോടെ

നരച്ച ജീൻസും ടോപ്പും  ഹൈഹീലിൽ പൂച്ചചുവടും
നീട്ടിയ കയ്യും ആംഗലേയത്തിൽ സുഖാന്വേഷണവും
കഴിഞ്ഞില്ല മിണ്ടുവാൻ തെല്ലും  മൊഴിയറ്റു തലയാട്ടി
തിരിച്ചു നടക്കവേ മനസ്സിലായ് എല്ലാം  മാറിയിരിക്കുന്നു


മാറാത്തതു ഞാനും  ഭൂതകാലത്തിൽ അഭിരമിക്കും
എൻ മനസ്സും മാത്രം  കഴിയില്ലമാറുവാൻ എനിക്കല്പ്പവും
നീങ്ങേണ്ടെനിക്കീ ലോകത്തിൻ ഭ്രാന്ത വേഗത്തിനൊപ്പം
കഴിയട്ടെ ഞാനിവിടെയെൻ മനസ്സിലെ പച്ചത്തുരുത്തിൽ

ഈ നൽ തെളിനീരു നിറയും പുഴതൻ ചാരെ നിറം
മങ്ങാത്തൊരെൻ പഴയ സ്വപ്നങ്ങളും മോഹങ്ങളും
ചൊരിയുമീ വാകതൻ ചോട്ടിലീമലർശയ്യയിൽ
നിനക്കായ് കൊരുത്തൊരാ മുല്ല മാലയുമായ്
നിന്നോർമ്മയിൽ  നീറിയുരുകട്ടെ ഞാൻ
 

ഹേ നഗരമേ തിരികെ  വരുന്നു ഞാൻ നിൻ തിരച്ചുഴിയിൽ
മുഴുകാൻ നിൻ മണൽ ക്കൈകളാൽ വാരിയൊതുക്കുക
ആരുമറിയതെ നിന്നിലൂടൊഴുകട്ടെ , തീരട്ടെ ഇജ്ജീവനിങ്ങനെ
ആൾക്കൂട്ടത്തിലേകാകിയായ് അനാഥമായ് ആർക്കും വേണ്ടാതെ

Saturday 4 October 2014

കാമം


നീ നഗ്നയാണെങ്കിലും,അല്ലെങ്കിലും,
നിന്നാൽ എന്നിൽ കാമമുണരുന്നില്ലയെങ്കിൽ ,
നീ എന്നിൽ ഒരു വികാരവും ഉണർത്തുന്നില്ലയ്യെങ്കിൽ,
നീ പിന്നായാരാണെന്നു ചൊല്ലുക മടിയാതെ.

നിന്നാൽ എന്നിലും എന്നാൽ നിന്നിലും കാമം
നിലയ്കാതുണർന്നുയർന്നുലഞ്ഞു ശിഖരമായ്,
നില നില്ക്കെ അതിൻ തുമ്പേറി ഊയലാടി,
നിലയില്ലാ വാനത്തിലലിഞ്ഞു രണ്ടു പരാഗമാകേണ്ടവർ,

നിലവിളിയൊച്ചയോടെ പരിസമാപ്തി യിലെത്തേണ്ട
നിലയ്ക്കാത്തരണ്ടു പ്രവാഹങ്ങൾ നാം പരസ്പരം
നിർത്താതിങ്ങനെ മത്സരിക്കേണമോ  പോകുംവഴിയൊക്കെ
നില നിർത്താം പരസ്പരാകർഷണം സഭ്യത വിടാതെ നാം

നിവർത്തിവെക്കലല്ലാകർഷണം അടച്ചു വെക്കലാണു
നിവർത്തി നോക്കാനാണേറെ ക്കൊതിയെനിക്കറിവു നീ
നിൻ കണ്ണിലെന്നെ കാണുമ്പോഴുള്ളാരാചില്ലുതിളക്കവും
നിൻ ദേഹമുതിർക്കും മദ ഗന്ധവും മതി ഞാനുണരാൻ

നിനക്കു തോന്നുന്നുവെന്ന് എനിക്കും തോന്നണം
നിനക്കും തോന്നണം എനിക്കും തോന്നുന്നുവെന്ന്
നില നില്ക്കുമെങ്കിൽ എന്നിലും നിന്നിലും എന്നും
നിലക്കാത്ത സ്നേഹവും കാമവും കരുണയും കരുതലും
ശ്രീ

Thursday 2 October 2014

മൗനവിലാപം


അയ്യോ അമ്മേ  വന്നാട്ടേ
വേഗം വന്നൊന്നു കണ്ടാട്ടേ,
കുഞ്ഞനുജത്തീം ഏട്ടന്മാരും
അനങ്ങണുമില്ലാ മിണ്ടണുമില്ല.
 
നമ്മളുറങ്ങും ക്കൂടുംചില്ലയും
അഛനിരിക്കും കൊമ്പും പോയ് ,
അമ്പിളിമാമനെ ഉമ്മവെക്കും
അമ്പഴ മരവും താഴെപ്പോയ്.

ഇന്നലെ കൂട്ടിൻ ചോട്ടിൽ വന്നിട്ട്
എന്നെ നോക്കിചിരിച്ചൊരീമാനുഷർ-
ഇന്നു വന്നീച്ചതിചെയ്യുമെന്നാരും
ഓർത്തതില്ലല്ലോ തമ്പുരാനേ.

ചുണ്ടിൽ ചിരിയും വാക്കിൽ മധുരവും
കണ്ണിൻ കോണിൽ കാപട്യവും
ചൂണ്ടയൊളിക്കും വാഗ്ദാന വർഷവും
വീണുപോമാരും അവൻ മൊഴിയിൽ

എത്രകരഞ്ഞിട്ടും എത്ര പറഞ്ഞിട്ടും
കഷ്ടം ഒട്ടുമേ കേട്ടില്ല ദുഷ്ടനവൻ
നിർദ്ദയം മഴുവിനാൽ വെട്ടിമറിച്ചിട്ടു
ദീർഘനാളത്തെ പ്രതീക്ഷകളൊക്കയും


Sunday 28 September 2014

പശ്ശി



പശ്ശിയിലലിഞ്ഞുപോയ് എൻ മനസ്സിൻ
പശ്ശിമകളതിനാൽ ഒട്ടുവാൻപറ്റാതെ പോയ്
പണ്ടു നിൻ കവിതകൾക്കെന്നിലെങ്കിലും മൌനമായ്
പാടിയിരുന്നു ഞാനാവരിശകളെന്നുള്ളിലെന്നും

പഴയ പാരലൽ കോളേജ് വാർഷികവും
പച്ചപ്പട്ടുപാവാടയും മഞ്ഞദാവണിയും നിൻ
പൊട്ടും ,വരമഞ്ഞൾ ക്കുറിയും കടിച്ചു പിടിച്ച
പൊന്മാലയും  നീ ചൊല്ലിയൊരീ കവിതയും

പറയാത്തൊരെൻ  സ്നേഹം നിന്നോടെന്നും
പറയും പൂത്ത പാരിജാതം മണക്കുന്ന രാവുകൾ
പറയാത്ത നിൻ സ്നേഹം പറയുമെന്നോടെന്നും
പണ്ടുടഞ്ഞ വളപ്പൊട്ടാൽ കോറിയിട്ടോരീ വാക്കുകൾ

പ്രണയാകുലമല്ലായിരുന്നൊരാ നാളുകളെങ്കിലും
പറയാതറിയുമായിരുന്നു നമുക്കന്യോന്യമെന്നും
പശ്ശിയും വറുതിയും വിളഞ്ഞ വയലേലകൾ
പിന്നിട്ടോടിയകലും മുന്നേ  കഴിഞ്ഞില്ലപറയുവാൻ പൊന്നേ


Friday 26 September 2014

അദ്വൈത സന്ധ്യാ നാമം


           എന്റെ മുത്തഛൻ
 ശ്രീ കൊച്ചു രാമൻ വൈദ്യർ രചിച്ചത്

1
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവാ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

തത്വ സഞ്ചയത്തിൻ ആദിമൂലമായ ദൈവമേ
സത്വ രാജ സത് തമോ ഗുണപ്രദാന ദൈവമേ
നിത്യനേ നിരീതനേ നിരഞ്ചനാ നിരാമയാ
സത്യസത് സ്വരൂപതായദൈവമേ നമോ നമ:
2
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വ്യക്തിയിൽ പരിസ്ഫുരിക്കും ഈശ്വരാ നമോ നമ:
അവ്യക്തനേ പ്രപഞ്ചമൂലകന്ദമേ നമോ നമ:
സ്ഥൂലസൂക്ഷ്മഭേദമേതുമാർന്നിടുന്ന ദൈവമേ
നാലുവേദസാരലീന തത്വമേ നമോ നമ:
3
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വാഗ്മനാഭിയിൽ പെടാത്ത ശക്തിയേ നമോ നമ:
അഭംഗദിവ്യ കാന്തി പൂണ്ട ദൈവമേ നമോ നമ:
അഘങ്ങളാകവേ തുലച്ചു നിത്യശാന്തി നൽ കണേ
അഖണ്ഡസച്ചിദാത്മരൂപ ദൈവമേ നമോ നമ:
4
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അനന്തനേകനവ്യയൻ ദുരന്തതാപസംഹരൻ
അനന്തചിൽ പ്രകാശനായ ദൈവമേ നമോ നമ:.
അനാമയാദ്യനേകശൊഭനീയനേ നമോ നമ:,
അനാരതം വണങ്ങിടുന്നതീശ്വരാ നമോ നമ:.
5
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അനന്തഭാവി ചിന്തയാൽ പ്രപഞ്ചവാർദ്ധിയിൽ സദാ
മനം തപിച്ചു നിൻ ക്രുപയ്ക്കിരന്നിടുന്നു ദൈവമേ,
വരും ദുരന്തമാകനിൻ അപാംഗവീക്ഷണോല്പ്പലം
ചൊരിഞ്ഞകറ്റി നൽ വരം തരേണമെന്റെ ദൈവമേ.
6
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അൽ ഭുതപ്രകാശനേ ഭവൽ പദാബ്ജമെപ്പൊഴും
അല്പനാമെനിക്കു കാണ്മതിന്നനുഗ്രഹിക്കണേ,
ഇപ്പരാഭവത്തിൽ നിന്നും ത്രുക്കരാവലംബിയായ്
ഉൽ പ്പതിക്കുവാൻ ജഗല്പ്പതേ തുണയ്ക്കണേ.
7
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ആരുമില്ല ലോകനാഥ നീ വെടിഞ്ഞുവെങ്കിലീ
ഭൂരിഖേദമാർന്നൊരേഴയാമെനിക്കു ദൈവമേ,
ആർത്തരക്ഷകാ ഭവാർത്തി നാശനാപരാല്പരാ
ചീർത്തപാതകാന്ധകാര ഭസ്കരാ നമോ നമ:.
8
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ഇത്രിലോക നാഥനേ വിരിഞ്ച മുഖ്യമൂർത്തികൾ
ക്കത്രയും നിദാനനായ ദൈവമേ നമോ നമ:,
ഇപ്പെടുന്ന പാടു കണ്ടൊരാർദ്രഭാവമാർന്നിടാതെ,
അപ്പരേശ്ശ നീ വസിപ്പതെത്രകഷ്ടമീശ്വരാ.
9
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അത്രി മാർഗ്ഗമായഹോ പവിത്ര പാദസേവയും;
അത്ര ഞാൻ പ്രപഞ്ച വാർദ്ധിയിൽ കിടക്കയാൽ.
ഇത്രനാളുമേ കഴിഞ്ഞതില്ല ചെയ്തു കൊള്ളുവാൻ,
ചിത്തമിന്നതോർത്തെരിഞ്ഞിടുന്നിതെന്റെ ദൈവമേ.
10
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

സ്വന്തപുത്രനന്ധകാര സിന്ധുവിൽ കിടന്നലഞ്ഞ്,
അന്തരം പിണഞ്ഞിടാൻ തുടങ്ങിടുന്ന വേളയിൽ.
ചിന്തയിൽ ദയാരസം പിതാവിനാർന്നിടാഞ്ഞതോ,
അന്തരം ദഹിച്ചിടുന്നതിനെതെന്തു കഷ്ടമീശ്വരാ.
11
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

തെറ്റു ഞാനനേകമങ്ങു ചെയ്തുവെന്നിരിക്കിലും,
ഉറ്റതാതനല്ലയോ ഭവാനെനിക്കു ദൈവമേ.
കുറ്റമെന്തുതന്നെസ്വന്തമക്കളാചരിക്കിലും,
മറ്റുമായതച്ഛനാത്മകോപഹേതുവാകുമോ?.
12
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

മർത്യനായതോ കഴിഞ്ഞ ജന്മ കർമ്മമുണ്ണുവാൻ,
അത്തലേകിടുന്ന മായ തന്നിലാണൂ വന്നതും
പിത്തനാകുമാറനേകബന്ധവും വരുത്തിഞ്ഞാൻ
ചിത്തശാന്തി ചേർന്നിടുന്നതെങ്ങിനീശ്വരാ

13
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വേദിയർക്കു പോലുമേ ഭവാന്റെ തത്വമല്പ്പവും
വേദനീയമല്ല പിന്നവിദ്യ കൊണ്ടു മൂടിയോൻ,
ഏതുമട്ടിലാണൂ സേവചെയ്തിടേണ്ടത അൽ ഭുത-
ജ്യോതിരൂപ ഞാൻ പിഴച്ചതൊക്കയും പൊറുക്കണേ.
14
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ചേതനത്തിലെന്നപോൽ അചേതനത്തിനുള്ളിലും.
സ് ഫീത മോദമാർന്നിരുന്നവിദ്യകൊണ്ടു മൂടി നീ.
ചൂതബാണലക്ഷ്യമാക്കി മർത്യരെ ജഗത്തിലി,
ട്ടേതു മാശ്രയംവിനാ വലപ്പ്തെന്തു കഷ്ടമീശ്ശരാ.
15
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

നാരദാദീശരർക്കു പോലും മില്ല കെല്പ്പു നിൻ
സാരമായ മായ വിട്ടൊഴിഞ്ഞു  മാറി നില്ക്കുവാൻ.
പാരിലെന്തു പിന്നയീപുഴുക്കൾ ചെയ്തിടേണ്ടുസാ
സാരനാശശനൈകധീര ദൈ വമേ നമോ  നമ:
16
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

പുത്ര മിത്ര ദാരബന്ധു വർഗ്ഗ വും  ധനങ്ങളും,
ക്രിത്രിമങ്ങളാമനേകഭൂഷ പൂണ്ടദേഹവും,
നിത്യവും മദീയമെന്നുമുള്ള തോന്നൽ മാറ്റി നീ,
സത്യമായതേതെനിക്കക്ഷിലെക്ഷ്യമാക്കണേ .
17
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

ചിത്തകാനനത്തിലഷ്ടരാഗജന്തുസംകുലം,
മത്തരായ് മദീയധർമസത്തയേ തടുക്കയാൽ,
സത്തസദ്വിവേകമില്ലയാതെ ഭോഗലുപ്തനായ്,
ഇത്രകാലവും കിടന്നലഞ്ഞുപ്പോയ് ദൈവമേ.
18ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവാഹരേ മുകുന്ദ പാഹിമാം

നാരിയായ ചൂണ്ടലിൽ കൊരുത്ത ഭോഗ ദേഹവും,
മാരദാശനീ ഭവാംബു രാഗിലിങ്കലിട്ടിതാ,
ചാരവേമറഞ്ഞിരുന്നിടുന്നു ചിത്തമീനമേ,
പോരുകീശ്വാരന്തികത്തിലാത്മശാന്തി നേടുവാൻ.
19
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം
ഹാരനൂപുരാദിചാരു ഭൂഷണങ്ങൾ നന്മനോ-
ഹാരിതർക്കുവേണ്ടിയിട്ടണീഞ്ഞൊരുങ്ങിയോഷമാർ,
വന്നഹോ ഖോരമായൊരേഷണാത്രയത്തിലുന്തിവീഴ്ത്തുമേ,
പോരിതിങ്ങു ചിത്തമേ നിനക്കു ശാന്തി വേണ്ടുകിൽ.
20
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

അന്യഭാവുകത്തിലെന്റെ മാനസം കുളിർക്കണം,
അന്യവിത്തദാരമെന്നിവറ്റിലീർഷ്യ തോന്നണം,
അന്യദുഖമിങ്ങനനന്യദുഖമായ് ധരിക്കണം,
മന്യു ഭാവമൊക്കെ നീക്കിടേണമെന്റെ ദൈവമേ,
22
 ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

കാണുമീ ചരാചരാന്ത: സത്തയങ്ങുതന്നെ ആണതെന്ന,
ബോധമുള്ളിൽ വേണമേതു നേരവും.
പ്രാണികൾക്കു ബന്ധുവായ് കഴിയുവാൻ തുണയ്ക്കനീ,
പ്രാണപിണ്ഡമായ്മാറുവോള മെന്നെ ഈശ്വരാ.
22
ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
 ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

വിട്ടിലയ് പുഴുക്കളായ് തരുക്കളയ് ത്രുണങ്ങളായ്,
പട്ടിയായ് പശുക്കളായ് മറ്റനേക ജന്തുവായ്,
വിട്ടു കിട്റ്റിയോരു മർത്യജന്മമിന്നു മേല്ക്കു മേൽ,
തുഷ്ടിപൂണ്ടുയർന്നു ത്വൽ  പദത്തിൽ വന്നു ചേരണെ.
23

ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

ഹരേ മുകുന്ദ മാധവാ ഹരേ മുകുന്ദ മാധവ
ഹരേ മുകുന്ദ മാധവഹരേ മുകുന്ദ പാഹിമാം

തത്വ സഞ്ചയത്തിനാദി മൂലമായ ദൈവമെ 1

Wednesday 17 September 2014

ബാല്യം


വേപുഥ പൂണ്ട ബാല്യത്തിൻ അടരുകൾ തെറ്റന്നു
വേദനിപ്പിക്കുമൊരു മുറിവിൻ പൊറ്റപോലിളകിയെന്നുള്ളിൽ
ഓർമ്മകളാലാഴമാർന്ന കയത്തിലേക്കു ഞെട്ടറ്റു വീഴുന്നു
ഓരിലയെന്ന പോൽ നോവാർന്നചിന്തകളനുസ്യൂതം

ഒരു കളർ പെൻസിൽ, ഒരു കുഞ്ഞു   മണമുളള  റബ്ബർ,
ഒരു നാരങ്ങാ മിഠായി കുഞ്ഞിളം മനസ്സിൻ കൊതികൾ
ഒരു കടു മണി പോൽ ചെറുതായിരുന്നിട്ടും കഴിഞ്ഞീല
ഒരു തവണയെങ്കിലും  നിറവേറ്റുവാൻ തെല്ലും

തോരാത്ത കണ്ണൂനീർ ചാലായൊഴുകുമോരമ്മയും
തോറ്റം പാടി ആടിയെത്തുമോരഛന്നലർച്ചയും
തോരാതെ പെയ്യും തുലാവർഷ മഴയുമിടിയൊച്ചയും
തേങ്ങലും ശ്വാസവുമമർത്തി കിടന്ന രാവുമോർത്തുപോയ് ഞാൻ

മിഴിയിണകൾ തറയിൽനട്ടും ചുണ്ടുകളമർത്തി കടിച്ചും
മനം നിറയും അഭിമാന ബോധത്താൽ  നീട്ടിയ നോട്ടുകൾ
മടിയാതെ തട്ടിയും മടങ്ങുന്ന നിന്നെ കാൺകെ ഞാൻ
മറവിയിൽ മറഞ്ഞൊരെൻ ബാല്യം കണുന്നൂ നിന്നിൽ
ശ്രീ

Wednesday 15 January 2014

Hello by Lionel Richie

വെറുക്കയാലല്ലെൻ

വെറുക്കയാലല്ലെൻ
വ്യഥപൂണ്ടഹ്രുദയം
വിറങ്ങലിച്ചുനില്പതാണു
മൊഴിയറ്റു നിന്മുന്നിൽ

നീ രചിക്കും വരികൾക്കിടയിൽ
നീറും നിൻ ഹ്രുത്തടം കാൺകേ
നിലവിളിയൊച്ചകുരുങ്ങും
തൊണ്ടയിലൂർന്നതീ സംഗീതം

പ്രേമഗീതം.


  ഹ്രുദയമേ നിൻ നീറും വരികൾ,
കാതോർത്തിരിക്കുമെൻ വ്യഥ-
പൂണ്ട ഹ്രുത്തിനിടറും മിടിപ്പിലും
മുറിവേല്ക്കുമൊരു  മുളം തണ്ടിലും.
നിറയുന്നതെൻ  പ്രേമഗീതം.

പിടയുമീ ചൂളമരച്ചില്ലക്കാറ്റിലും,
ഒറ്റ മര ക്കൊമ്പിൽ വിരഹാർദ്രമായ്‌-
കേഴുമീ രാക്കിളി പാട്ടിലും,
ചിണുങ്ങികരയുമീ പ്പുലർകാല മഴയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വീണുടയും നിൻ കുപ്പിവള ക്കിലുക്കത്തിലും,നിൻ ചുടുനിശ്വാസത്തിര ചാർത്തിലും ,
അടങ്ങാത്ത മോഹ ത്തുടിപ്പാർന്ന നെഞ്ചിലും,
പരിഭവക്കുളിരോലും അറിയാ മൊഴിയിലും,
നിറയുന്നതെൻ  പ്രേമഗീതം.

വിടപറഞ്ഞകലവേ   കാതോർത്ത നിൻ-
കാതരമാം, പിൻ- വിളിയൊച്ചയിലൊക്കെയും,
പിൻ തുടർന്നോടിവരും നിൻ പദ- നൂപുര
ശിഞ്ചിത നാദത്തിലൊക്കയും,
നിറയുന്നതെൻ  പ്രേമഗീതം.

ദുർല്ലഭ സൌഭാഗ്യ സ്വർഗ്ഗം

നീയും പിന്നെ നമ്മുടെയീ
സ്നേഹക്കുരുന്നുകളും എന്നുമിങ്ങ
-നെൻ ചാരത്തു ചേർന്നുനില്ക്കെ

പോകാൻ കഴിയില്ലെനിക്കേതു
ദുർല്ലഭ സൌഭാഗ്യ സ്വർഗ്ഗം
വിളിക്കിലും പൊന്നേ

കറുപ്പും വെളുപ്പും പരസ്പരം പഴിചാരുന്നതു എന്തിനു?


ചരിത്രമുറങ്ങിയ വഴിത്താരകളിലൂടെകടന്നു
വന്നകറുപ്പും വെളുപ്പും പരസ്പരം
പഴിചാരുന്നതിൽ എന്തർഥം?

ആത്യന്തികമായി കറുപ്പും വെളുപ്പും
പൊതിഞ്ഞു പിടിച്ചിരിക്കുന്ന നിങ്ങളുടെ  ഹ്രുദയത്തിൻ നിറമെന്ത്‌? എന്നതല്ലേ
ആദ്യം അന്വേഷിക്കേണ്ടത്‌?

യാതനയുടെ ആത്മബലം നേടിയ
കറുമ്പനു സ്വാതന്ത്ര്യം  ഉദ്ഘോഷിക്കുവാൻ വെളുപ്പിന്റെ പാരതന്ത്ര്യാവശിഷടം
തേടേണ്ടതുണ്ടോ?

സത്യത്തിൽ വെളുപ്പും കറുപ്പും  എന്നൊ
ന്നുണ്ടോ  എല്ലാം ഉണ്മയുടെ രണ്ടു
വശങ്ങളല്ലേ?

ഇനി നീയും ഞാനും എന്നൊന്നുണ്ടോ
എല്ലാം ഒന്നല്ലേ ?

ഞാനും നീയും ചരവും അചരവും അപ്പും ആകാശവും കറുപ്പും വെളുപ്പും അയിത്തവും
പൊരുത്തവും സുഗന്ധവും ദുർഗന്ധവും
അഴകും ഉയിരുമെല്ലാം ഒരു ചോദന മാത്രമല്ലേ

ഒന്നോർത്താൽ ഒരു കണമായ് ചിതറിത്തെറിച്ചു
പോരുന്നതിനു മുൻപ് ലിംഗഭേദമില്ലാതെ
കഴിയും നാൾകളിൽ എന്തായിരുന്നു
നമ്മുടെ നിറം കറുപ്പോ വെളുപ്പോ
ചോരച്ചുവപ്പോ?

മായാമയി,






മാഞ്ഞു പൊയ്‌ എഴുതിയ വരികൾ
അറിയില്ല യമ- നിയമങ്ങൾ ഒട്ടും,
യന്ത്ര തന്ത്രങ്ങളൊ ഗ്രഹിതമല്ല,
അറിയാതുള്ളതാം പിഴ പൊറുത്ത്‌-,
അനുഗ്രഹിക്ക ദേവി നീ.

മഹിതമാം നിൻ മടി തട്ടിൽ ചേരട്ടെ ഞാനും,
അലിവൊടു നീ പകരും ത്രുക്കടാക്ഷങ്ങളാൽ,
യാന്ത്രികമീജീവിതം സാർഥകമാകമാം,
ഇനി ധന്യ മായിടെട്ടെൻ ജന്മം ദേവി നിന്നാൽ.