Thursday, 20 November 2014

ഒരഛൻ മകളോടു പറഞ്ഞതു


സ്കൂൾ ബാഗെടുത്തോളു കുഞ്ഞേ നടക്കുക,
ബസ്സു വരാൻ സമയമായ് ഏറ്റിവിടാമഛൻ,
ബസ്സ് ഏറുമ്പോളോർക്കുക വൈകിട്ടു സ്കൂൾ-
വിട്ടുവരുംവരേക്കും നീ തികച്ചും തനിച്ച്.

ശ്രദ്ധ വേണമെപ്പോഴുമെന്തിനും ഏതിനും
ബസ്സിൽ ഏറുമ്പോഴും ഇറങ്ങുമ്പോഴും
കിളിമാമൻ കൈ ദേഹത്തു  തടവാതെ നോക്കുക
സീറ്റിൽ അടുത്തിരിക്കുന്നതാരെന്നു നോക്കി
അല്പം അകലമിട്ടിരിക്കുക ദേഹത്തു തട്ടാതെ

മുതിർന്നചേട്ടൻ മാരടുത്തു വന്നിരുന്നാൽ
പതിയെ എഴുനേറ്റു പോവുകസ്കൂളെത്തും വരെ
നിന്നാലും സാരമില്ല സ്വസ്ഥയാവുക
ഒഴിഞ്ഞു മാറാൻ പഠിക്കുവതങ്ങിനെ

കൂട്ടുകാരോടു ചേർന്നു നടക്കുക
ഒറ്റയ്ക്കാകരുതു നീ ഒരു നിമിഷവും
ഒരുകഴുകൻ നിഴൽ നിൻ തലക്കു മുകളിലായ്
പരന്നു കിടക്കുന്നതറിയൂ നീ

മാഷന്മാരാണെങ്കിലും ഒരുകരുതൽ വേണമെപ്പൊഴും
ശിക്ഷാനടപടികളാണെങ്കിലുംതിൻ തുടയിൽ തിരുമ്മാൻ
തുടങ്ങിയാൽ ആ കൈ തട്ടിമാറ്റുകപേടിക്കരുതു കരഞ്ഞു
നിൻ ദൌർബല്യം വെളിപ്പെടുത്തരുത് അതാണു അവരുടെ ബലം


നീ പെൺകുട്ടിയാണു ശരിതന്നെ എങ്കിലും
നീ ഒരിക്കലും ആരുടെയും ഔദാര്യമിരക്കാതെ
നിൻ കാലിൽ നിവർന്നു നില്ക്കുക ഒരിക്കലും
പഠിക്കാതിരിക്കരുതു കാരണം അതിലാണു നിന്റെ
ഭാവി അല്ലെങ്കിൽ നീ ഒരടുക്കളയിൽ ഒടുങ്ങിയേക്കാം

ഉറക്കെ ചിരിക്കരുതു അതു മറ്റുവരെ
നിന്നിലേക്കാകർഷിച്ചേക്കാം അതിനാൽ
ചിരിയടക്കുക നീ തന്നെ യാണു നിന്നെ
രക്ഷിക്കേണ്ടതു എന്നറിയുക


സമ്മാനങ്ങൾ സ്വീകരിക്കരുതു ആരുടെയും
അവ നിന്നെ അടിമപ്പെടുത്തിയേക്കാം ഓർക്കുക
സമ്മാനങ്ങൾ കൊടുക്കരുതു അതു നിന്നിൽ
പ്രതീക്ഷകൾ നിറച്ചേക്കാം മറക്കരുത്

എന്തിനും ഏതിനും  എപ്പോഴുമഛന്റെ
ഇത്തരം വിലക്കുകൾ നിനക്കു മടുത്തേക്കാം
എങ്കിലും അമ്മയില്ലാത്ത കുട്ടിയല്ലേ നീ
വേറാരുണ്ടു പറയാനിതു പോലെനിന്നോടു

ഒന്നിച്ചു പോരാൻ ഈ വാഴ്വു തിരഞ്ഞെടുത്തതിനാൽ
ഏല്ലാരുമുപേക്ഷിച്ചുവല്ലോ ഞങ്ങളെ ഇന്നവളില്ലാതെ
എങ്ങിനെ ഞാൻ  മാത്രം മടങ്ങുമിന്നീ മണ്ണിൽ നിന്നും
നീയല്ലാതാരുണ്ടു കുഞ്ഞേയീ ഭൂവിൽ വാഴാനെന്നൊടൊപ്പം

Wednesday, 19 November 2014

ഇല ശിഖരത്തോടു പറഞ്ഞത്


പതിവായ് വന്നു കവിളിൽ തലോടി കടന്നു പോം
പവനനെൻ മനം കവർന്നതു കഴിഞ്ഞില്ല തെല്ലും
പറയുവാനേട്ടാ നിന്നോട് നിനക്കെന്നോടുള്ളതു പോൽ
പ്രിയമവനുമെന്നോടുണ്ടാകുമെന്നു കരുതി ഞാൻ

നമ്മുടെ നന്മമരമാം സദനം വെടിഞ്ഞു ഞാൻ മടിയെഴാതെ
നിലയ്ക്കാതവനോടൊപ്പമിങ്ങനെ പാറിനടക്കാമെന്നൊർത്തു
നിൻസ്നേഹം മറന്നു ഞാൻ പോയ് ക്ഷമിക്കുകെൻ സോദരാ
നിലയില്ലാതിങ്ങനെ അനാഥമായ് പാറിനടക്കുമെൻ ജീവിതമെന്നു
നിനച്ചതില്ലാ ഞാൻ തെല്ലും കഴിയില്ലാ നിന്നോടു ചേരുവാൻ എങ്കിലും
നിനച്ചു പോയ് നിൻ ചാരെയൊരു മുകുളമായ് വീണ്ടും  വന്നു പൊടിച്ചുവെങ്കിൽ 

Thursday, 13 November 2014

യാത്രാമൊഴിനിർത്തുകീ കലമ്പൽ

പാപചുമടുകൾ ഇനിയെൻ ശ്ശിരസേറ്റുക-
ശാപങ്ങൾ പാഥേയമാക്കിതരിക ഞാൻ പോകാം,
ദുഖങ്ങൾ ദാഹനീരാക്കി കുടിച്ചിറക്കാം,

നിർത്തുകീ കലമ്പൽ

വെയിൽ ചൂഴ്ന്നു നില്ക്കുമീ പാതയിൽ-
പ്പൊള്ളുന്ന പാദങ്ങൾ നീട്ടിവെയ്ക്കാം,
രാവിൽ എൻ മോഹങ്ങൾകത്തിച്ച ചൂട്ടു വീശ്ശാം,

നിർത്തുകീ കലമ്പൽ

തെറ്റുകൾ ശരിയക്കിവെയ്ക്ക നിങ്ങൾ,
ശിഷ്ടങ്ങൾ എൻ പേർക്കെഴുതിവെയ്ക്ക-
നഷ്ടങ്ങളാൽ തുഷ്ടമാകട്ടെ ജീവിതം,

നിർത്തുകീ കലമ്പൽ

പിന്നെ ഒക്കയും പൊറുക്കുക, മറക്കുക
നിങ്ങൾ നേരാതിരിക്കുക മംഗളം,
യാത്ര തുടങ്ങട്ടെ ഞാൻ ഇനിവരാതെ വണ്ണം
പുണ്ണ്യ തീർത്ഥങ്ങൾ എത്രയോ.....കാതമകലേ


Wednesday, 12 November 2014

കല്ലറ

കല്ലറയിതെൻ പ്രണയമടക്കിയ കല്ലറ,
അല്ലലറിയാത്തവരുടെ  പ്രണയമല്ലതു,
സ്നേഹ ലാളനമേല്ക്കാത്തവന്റെ
എക അശ്രയമായിരുന്ന പ്രണയം,


വളരെ ലളിതമായിരുന്നതു
ഒരുനോട്ടം, ഒരു ചെറു ചിരി,
ഒരു ലിഖിതം ,ഒരുസ്പർശം
അതിലൊതുങ്ങുമെല്ലാം,

അതു മാത്രം മതിയായിരുന്നു,
ഉള്ളിലൊരു കടലിരമ്പത്തിനും,
ഒരു തിരയിളക്കത്തിനും,
ഒരു ചുഴിക്കുത്തൊഴുക്കിനും.

രാവേറെചെല്ലവേ ഒരുപിടി സ്വപ്നവും,
മറോടടക്കിയവൾ വന്ന നാൾ,
അറിയില്ലെന്നു നടിചു തിരിച്ചയച്ചേൻ ,
അന്നു ഞാൻ തീർത്തതീ കല്ലറ.

എൻ പ്രണയമടക്കിയ കല്ലറ,,,!

ശ്രീ

“അതിജീവനം”ഭാഗം1.
‘നിലനില്പ്’

കാട്ടുതേക്കിൻ വേരു പോലുള്ള പാദങ്ങൾ.
നരക നഗരത്തിങ്കൽ ആഴ്ത്തിനിർത്തി,
കാട്ടു ചുള്ളിക്കമ്പു പോലുള്ള വിരലുകൾ,
നഗരനരനുടെ മുഖത്തേക്കു ചൂണ്ടിനിർത്തി.

നിലനില്പ്പിനായ് നിലകൊള്ളുന്നു തൻ-
നിലം വിട്ടിങ്ങു പോന്നൊരീ നിരാലംബമാർ,
നിർനിമേഷം ഉറ്റുനോക്കുമീ കൺകളിൽ,
നിലയ്ക്കാത്ത ഉലതൻ കനൽത്തിളക്കം.

ഗോത്രതാളം ചവിട്ടുന്നൊരീ കാല്കളിൽ,
അമർത്തും അമർഷത്തിൻ ഇടിമുഴക്കം,
ശോത്രം നിറയ്ക്കുമീ വായ്ത്താരിയിൽ,
ചാർത്തുന്നു പകയുടെ വാളിരമ്പം.

ഭാഗം 2
‘പുരാവൃത്തം’
അറിവായ  അറിവുകൾക്കൊക്കെയുമപ്പുറം,
അർഥമനർത്ഥം വിതയ്ക്കുന്ന നാടിന്നുമപ്പുറം,
അത്യാർത്തിതൻ പറ മുഴങ്ങുന്ന മേടിന്നുമപ്പുറം,
അടിമ,അടിയാൾ ഉടയോൻ ഭേദത്തിനപ്പുറം.

ആദിമ വനാന്തര ഗഹ്വരങ്ങൾ തന്നിൽ,
ആടിയുറഞ്ഞു തിമർത്തു നടന്നവർ,
ആടലേതും അറിയാതെ വസ്സിച്ചവർ,
ആടിമാസ്സത്തിങ്കൽ ഒട്ടിക്കഴിഞ്ഞവർ,

ആവണിപിറക്കവേ തിനയിറക്കി,
ആനയാട്ടി ചാമ കൃഷിയിറക്കി,
ആളും അനക്കവുമില്ലാത്തകാട്ടിലെ,
ആരൻ കിഴങ്ങുകൾ ചുട്ടു തിന്നും,

ഇലകൂട്ടി ഉടലിന്റെ നാണം മറച്ചും,
ഇല്ലിപ്പടർപ്പിൽ  പുണർന്നും,നുകർന്നും,
ഇരു നാഗരൂപത്തിൽ ചുറ്റിപ്പിണഞ്ഞും,
ഇണചേർന്നുറങ്ങി തളർന്നും തെളിഞ്ഞും,

ഈറ യേതുമേയില്ലാതെ നൊന്തും കരഞ്ഞും,
ഈറപ്പടർപ്പിലന്നീറ്റുനോവാൽ പിടഞ്ഞും,
ഈഷലന്യേ നൽ ക്കുലം തളിർത്തും തെഴുത്തും,
ഈശ്ശനെ മാത്രം വണങ്ങി പ്പുലർന്നും.

ഉരിയ മുളയരി, അരിയൊരീ കാട്ടു തേൻ,
ഉരച്ച കന്മദം, ഉണങ്ങിയ വെരൂമ്പുഴു,
ഉരിച്ച പുലിത്തോൽ, പറിച്ച നരിനഖം,
ഉറച്ച കുന്തിരിക്കം, ഏലം, അകിൽ മരം, ചന്ദനം

ഊർവരമീ ക്കാടു നല്കും മീ വിഭവങ്ങൾ,
ഊനമില്ലാത്തതാം സമ്പാദ്യമെങ്ങൾക്കു,
ഊരാളിതുള്ളുന്ന ഉൽസവാഘോഷങ്ങൾ,
ഊരൊക്കെ മാർകഴിപ്പൂരം ,തപ്പുകുറുംകുഴൽ മേളം ,

ഋതുക്കൾ മാറി  പ്പുലർത്തുന്ന പൂവനം ,
ഋക്കുകൾ മന്ത്രങ്ങൾ ചൊല്ലുന്ന കാടകം,
ഋഷികൾ ചമതകളെരിച്ചൊരീ വാടകം,
ഋജുവായ സത്യം പുലരും ആരണ്യകം,

ഭാഗം 3
‘വർത്തമാനം’

എങ്ങുനിന്നോ വന്നിവർ കാട്ടിലായ്,
എണ്ണം പറഞ്ഞങ്ങു വെട്ടീ മരങ്ങളും,
എന്ത്രക്കലപ്പയാൽ കുന്നുകൾ നിരത്തി,
എത്ര നീർച്ചോലയുടെയുറവകൾ തുരന്നു.

ഏതും അറിയാകിടാവിന്റെ മാനം കവർന്നും,
ഏതും ഓരാത്ത പെണ്ണിന്റെ ചേലയഴിച്ചും,
ഏറ്റോരെൻ  പുത്രന്റെ പെരുവിരലറുത്തും,
ഏറു മാടങ്ങൾ തീയിട്ടു വിളകൾ കയ്യേറിയും,

ഒത്തു വരുന്നിവർ  പലനിറ കൊടികളും പേറി,
ഒരു കെട്ടു പുകയില, ഒരു കുപ്പി മദ്യം,
ഒരു ചുരുട്ടിൻ പുക, ഒരു വെള്ളി നാണ്യം,
ഒരു തിളങ്ങും തുണി, ഒരു മുക്കുപണ്ടം,
ഒരുമ വിറ്റുവെന്നറിയാതുറങ്ങുന്നു മൂപ്പൻ,

ഓർക്കുവാൻ വയ്യേന്റെ തൈവേ,
ഓർമ്മയില്ലാതലയുന്നു കണവൻ,
ഓജസ്സും മാനവും കെട്ടു പോയ്,
ഓട്ടക്കാശിനു വില്ക്കുന്നെൻ മാളെ,

ഔപചാരിക സമ്മേളനം കഴിഞ്ഞ്-
ഔത്തരേയൻ ഈ വിധം ചൊല്ലീ,
ഔദാര്യമോടാതങ്കമാറ്റാൻ ഒരുക്കുക,
ഔപായകം പുനരധിവാസം ക്ഷണം.

അംകുശം ഇല്ലാതെ വിശ്വസിച്ചീടുവാൻ,
അംബയല്ലാതില്ലാരുമീ മണ്ണിൽ,
അംശാധിപതികൾ നാം കാനന ഭൂമിതൻ,
അംശിച്ചേനെങ്ങളേ നിങ്ങൾ.

ഭാഗം 4
‘ഫലശ്രുതി’
അനർത്ഥം പെരുകുന്നു മുടിയുന്നു കാനനം,
അരചർ അടിയാളരായ്  ദൈന്യംകഴിക്കുന്നു,
അലറുന്നു മലമുത്തിചുടു ചോരകിട്ടുവാൻ,
അലിവെഴാ തമ്പ്രാക്കൾ ചൂഴുന്നു കൺകൾ.

കരിവീരമരുതിന്റെ ഉച്ചിയിൽ കയറുവോർ,
കരിവീരകൂട്ടമൊടു കൊമ്പുകൾ കോർത്തവർ,
കരിംചാതിയെ ഒക്കെ മാലയായ്  പോട്ടവർ,
കരിമ്പുലിയെ കാട്ടിൽ  വേട്ടയാടുന്നവർ,
കോൺക്രീറ്റു പണിയാളരായി മാറുന്നു.

കാട്ടുതേൻ തിനകൂട്ടിതിന്നവരെങ്ങൾക്കു-
കാട്ടുന്നു പുഴുവാർക്കും പച്ചരിച്ചോറുമാത്രം,
ആരോഗ്യപ്പച്ചയാൽ രോഗങ്ങളാറ്റിയോർ,
ആയുസ്സെഴാതിന്നു ചത്തു മലയ്ക്കുന്നു.

കാട്ടു ഞാവൽ പഴം പോലുള്ള മുലഞ്ഞെട്ടു-
നൊട്ടി നുണഞ്ഞു  കൊഴുത്തു വളർന്നവർ,
കരയുവാൻ കഴിയാതെ ചാപിള്ളപേറുന്നു,
കനിവെഴാതമ്പുരാന്മാരേ മതിയിനി നിറുത്തുക.

ആദിവാസ്സികൾ പൊക്കോട്ടെ  കാട്ടിൽ,
ആരും വരേണ്ട നന്നാക്കുവാനെങ്ങളേ,
ആവാസ്സസംസ്ഥിതി മാറ്റാതിരിക്കുക,
ആരുമറിയാതെ ഞങ്ങൾ കഴിഞ്ഞിടാം.

കാട്ടു കനിയും, കിഴങ്ങും, ഈ കാട്ടു വാഴപ്പഴവും,
കാട്ടു ചോലയും, കുളിരും ,ഈകാട്ടുതേനും,വയമ്പും ,                                     ചേർത്തു കാനന ഹൃദയാന്തരങ്ങളിൽ എങ്ങളേ,
കാത്തിരുപ്പുണ്ടു മുത്തി - നോക്കിനില്പുണ്ട് മുത്തി.
ഒരുനാളിലവളുടെ നെറ്റിക്കൺ കനലിനാൽ,
ഒരുകുഞ്ഞുമില്ലാതെയായ്  നിൻ കുലം മുടിയും,
ഒരായിരം വിത്തുകൾ വാരിവിതച്ചവൾ,
ഒരു മുത്തു മാരിയായ് പെയ്തിറങ്ങും.

നിൻ അഭിമാനഗോപുരം കടലെടുക്കും,
നീയാർജ്ജ്ജിച്ചൊരറിവുകൾ  മറന്നു പോകും,
നിൻ മകൾനിൻ മുൻപിലഭിസരിക്കും,
നിൻ മനൈവി നിന്നെ വെടിഞ്ഞു പോകും,

കട്ടും കവർന്നുമായ്  നീകൊണ്ടതെല്ലാം,
കല്ക്കഷണമെന്നു നീ കണ്ടറിയും,
കട്ടിസ്വർണ്ണത്തിനാൽ നീ തീർത്ത-
കോട്ടകൾ, കൊത്തളം, പത്തനം കാടുകേറും.

ഒരുവേളയക്കാട്ടിലലയുമൊരുനഗ്നനായ്,
ഒരുദിനം നിന്നെ ഞാൻ കണ്ടു മുട്ടും  നീ-
ഒരു തുള്ളി കനിവിനായ്  നാവു നീട്ടും,
ഒരു ബോധവാത്മീകം വിട്ടു ഞാൻ നിന്മുന്നിൽ,
ഒരു കുമ്പിൾ കഞ്ഞി പകർന്നു നല്കും.

പിന്നെ അപരന്റെ ദുഖം സ്വദുഖമായ്ത്തീരുന്ന,
പങ്കുവെയ്ക്കുന്നതിൻ സന്തോഷമറിയുന്ന,
പലതല്ല ഒന്നെന്ന സത്യം പറയുന്ന,
പാഠം നിനക്കായ് പകർന്നു നല്കും.

ശ്രീ

Friday, 7 November 2014

ഇനിയില്ലഇനിയില്ല പാടുവാനൊരുകവിതപോലും
ഇനിയില്ല മൂളുവാൻ ഒരു  വരിശ്ശ പോലും
ഇനിയില്ല  ഇടനാഴി ഒന്നിച്ചു പോകുവാൻ
ഇനിയില്ല പടവുകൾ ഒന്നായ് കരേറുവാൻ
ഇനിയില്ല അർത്ഥം പൊലിപ്പിച്ച സന്ധ്യകൾ
ഇനിയില്ല നീയുള്ള നിറമാർന്ന ഞായറുകൾ
ഇനിയില്ല നിൻ സ്നേഹ സാമിപ്യഭാഷണം
ഇനിയില്ല തണുവിരൽസപർശമീ സ്വാന്തനം

ഇനിയില്ല യെൻ ചുമൽ തലോടും കരങ്ങൾ
ഇനിയില്ല വിറയാർന്ന ചുംബന സുമങ്ങൾ
ഇനിയില്ല പറയുവാൻ പരാതികൾ പരിഭവം
ഇനിയില്ല മഷിപടരും മിഴിയിലെ നൊമ്പരം

ഇനിയില്ല വളയോശ്ശ ,കൊലുസ്സിൻ കിലുക്കം
ഇനിയില്ല നിൻ ചേലയുലയുന്ന നാദം
ഇനിയില്ല ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരി
ഇനിയില്ല നിൻ നിറസൗഹ്രുദപൂത്തിരി

ഇനിയില്ല എന്നോർമ്മ  നീ വെടിഞ്ഞീടുകിൽ
ഇനിയില്ല നിന്നോർമ്മ യെന്നെ വെടിയുകിൽ
ഇനിയില്ല ഈ ഞാനും ഈവിണ്ണുമൊന്നും
ഇനിയില്ല  നീയില്ലയെങ്കിലീ മണ്ണും

ശ്രീ

Saturday, 1 November 2014

ഒരുനഷ്ടപ്രണയത്തിന്റെ ഓർമ്മയ്യ്ക്ക് ഒരുപിടി നൊമ്പരപ്പൂക്കൾ


1
തത്വ ശാസ്ത്രങ്ങളും താത്വിക ചിന്തകളും,
ഒരു ചീന്തു കടലാസ്സിൽ എഴുതിയുപേക്ഷിച്ചു,
നമ്മൾക്കു പിരിയാം ചിരിച്ച മുഖവുമായ്,
വീണ്ടും ഒരിക്കലും കാണാതിരുന്നേക്കാം ,
എങ്കിലുമോർമ്മയിൽ ഉണരട്ടെ,
പഴയൊരാ ദിനങ്ങളും നിമിഷങ്ങളും.
2

വീണ്ടുമൊരു പനിനീർ മലർ വിരിയും ,
നിന്റെ തൊടിയിൽ ഇതളുകളിൽ ഇറ്റു-
നില്ക്കുന്നൊരാ മഞ്ഞിൻ കണികയുമായ്,
ഇവിടെയോ വെയിലേറ്റു വാടിവീഴുന്നൊരാ,
വാകതൻ പൂക്കളും ദുഖംതിളച്ചു പതയുന്ന,
കായലിൻ തപ്ത നിശ്വാസമേറ്റിനി,
തേങ്ങിപ്പിടയുംചൂളമരങ്ങളും ,നീളുന്ന നിഴലും,
3
ഇനിയീ വിഷാദത്തിൻ പർവ്വം കടന്നൊരു,
സന്തോഷലോകത്തിലേക്കെത്തുവാൻ,
എന്തുചെയ്തീടണം ഞാനെന്നു ചൊല്ക നീ,
പിന്നെ ഒരു മാത്ര നില്ക്കാതെ ഒന്നുമേ ഓരാതെ
പൊയ്കൊൾക എൻ സഖീ ജീവിതത്തിന്റെ,
ഹരിതവർണ്ണങ്ങൾ വിളിപ്പു നിന്നെ.
4
കാർത്തികവിളക്കുകൾ കരിന്തിരി കത്തുന്നു,
കാർത്തിക നക്ഷത്രമിന്നസ്തമിക്കുന്നു,
കാത്തിരിപ്പുകൾ വ്യർത്ഥമെന്നോതി,
നീ കാത്തു നില്ക്കാതകന്നു പോയീടവേ.
5
ഓർമ്മയിലോരോ ദിനങ്ങളുണരുന്നു,
നമ്മൾ പരസ്പരം എല്ലാം മറന്നങ്ങു -
നിന്ന നിമിഷങ്ങൾ,
ഒരു ദിനം നീ ചൂടി വന്നൊരാ മുല്ലമാല തൻ-
ഇതളുകൾ ഇന്നും ഉറങ്ങുന്ന പുസ്തകത്താളുകൾ,
ഒക്കയും എത്രമേൽ ഹൃദ്യം.......
ഒക്കയും ഏത്രമേൽ ഹൃദ്യം.
6
ഇനി നീ പിരിയുന്നോരീവേളയിലെന്റെ ,
സ്വപ്നങ്ങൾ മാത്രം മടക്കിത്തരില്ല ഞാൻ,
ഉള്ളിന്റെ ഉള്ളിൽ വിരിയുന്ന“ നൊമ്പരപ്പൂക്കൾ”,
നീ കാണാതിരിക്കുവാൻ കരുതട്ടെ ഞാൻ.
7
ഓമനേ  നിന്മുഖത്തെന്നോ വിരിഞ്ഞൊരാ-
സ്മേരമെന്നോർമ്മയിൽ വീണ്ടും ഉണരവേ ,
രാവിലൊരു പാരിജാതം വിടരുന്നു, നീയതിൻ
സ്നേഹസൌരഭ്യമാകുന്നു-സാമിപ്യമാകുന്നു.
8
ജീവിതം നല്കിയ കയ്പ്പു നുണഞ്ഞു ഞാൻ,
എന്റെ ചൊടികൾ വരണ്ടു നില്ക്കേ.
എന്നോ നീയെനിക്കേകിയൊരാ സ്നേഹ-
ചുംബനം മാത്രമേ ബാക്കി നില്പ്പൂ.
9

ഈണം മറന്നൊരീ ഈരടി നിൻ കാതിലെത്തവേ,
ഓർക്കുമോ മൽസഖീ മധുരസ്വപ്നങ്ങൾ,
ഒരുക്കുമാ ശയ്യയിൽ വീണിന്നുറക്കമാണെങ്കിലും,
മയക്കമാണെങ്കിലും.
10
“പോകുവാനെത്രയോ ദൂരം  ഹാ ഈ യാത്രയിൽ -
കാണുന്ന മോഹന രൂപങ്ങൾ ഈ ശാന്തി-
ഗീതങ്ങൾ എകുന്നതില്ലെനിക്കൊന്നും“.
11
അക്കങ്ങൾ ജീവിതയാത്രയ്ക്കു ചുക്കാൻപിടിക്കുന്നു,
സ്വന്തബന്ധങ്ങൾ തീർക്കുന്ന ബന്ധനത്തിൽ
പെട്ടുഴറിപ്പിടഞ്ഞു കുഴഞ്ഞു വീഴ്കേ,
ഒരു കുഞ്ഞു കൈവിരൽ സ്പർശനം കൊണ്ടു-
നീ എന്നെ ഉണർത്തുമെന്നോർത്തു കിടന്നു  ഞാൻ.
12
ഇനിയുമൊരു ചെറു ചിരിയുമൊരു പ്രേമ ഗീതവും,
ഒരു തേൻ തുളുമ്പുന്ന വാക്കും നല്കുവാനില്ലൊന്നും ,
എന്റെ ഭാണ്ഡ്ത്തിലീ ആർദ്രവിഷാദത്തിൻ ഗീതമന്യേ.
13
രാവിന്റെ കൊമ്പിൽ ഇരുന്നു വിതുമ്പുന്ന,
രാപ്പാടി നിൻ മ്രുദുഗാനത്തിലൂറുന്ന ഗദ്ഗദം ,
മായ്ക്കാൻ മറയ്ക്കാൻ വൃഥാ നീ ശ്രമിച്ചാലും
നിന്നെ അറിയുമെനിക്കറിയാം നിന്റെ,
നെഞ്ചിൽ നിറയുംവിഷാദം.
14
ആത്മനൊമ്പരങ്ങൾ മാത്രമാണെന്റെ-
കൂട്ടുകാർ എങ്കിലുമീജന്മ തടവറയിൽ,
ഞാനെന്റെ മോഹങ്ങൾ,
മുറുകെ പ്പുണർന്നിനി ഉറങ്ങാൻ ശ്രമിക്കട്ടെ,
മയങ്ങാൻ തുടങ്ങട്ടെ.
16
നിറയെത്തുളുമ്പുന്ന മധു പാത്രം നീ നിന്റെ,
ചൂണ്ടോടു ചേർത്തു നുകർന്നു നില്ല്ക്കേ,
കട്ടച്ച കൂരിരുൾ മൂടുമീ പ്പാതയിൽ ഞാനിന്നു,
ദിക്കറിയാതെ നില്ക്കേ ഒരുകുഞ്ഞു നക്ഷത്രവെട്ടമായ്- നീയെന്റെ വഴിയിൽ നിറഞ്ഞു തെളിഞ്ഞു വെങ്കിൽ.

17
”ഏറെക്കൊതിച്ചവ നേടാഞ്ഞ ദുഖവും,
ഏറെക്കൊതിച്ചവ നേടിയ ദുഖവും,
ജീവിതത്തിൻ ദുരന്തമെന്നത്രേ“
പണ്ടു നീചൊന്നതിന്നു മോർക്കുന്നു ഞാൻ.
18
പണ്ടു  നമ്മൾ പരസ്പരം മാനസം,
പങ്കുവെച്ച് ഒന്നിച്ചു വന്നൊരാ വീഥികളിൽ,
ഞാൻ നിന്റെ കാലടിപ്പാടുകൾ തേടി-
തളർന്നൂ ,തനിച്ചു നില്ക്കേ,
നീയോ പുഷ്പങ്ങളേറെ വിരിച്ചേതു,
പാതയിൽ മന്ദമായ് മുന്നോട്ടു പോകയാകാം.
19
നിദ്രവന്നു തഴുകി ത്തലോടുന്ന വേളയിൽ,
അറിയാതെ നെഞ്ചിന്റെയുള്ളിൽ തുടിക്കുന്ന-
ജീവന്റെ താളത്തിനൊപ്പമേ നിന്റെ പേരാരോ,
മൃദുവായ് ജ്പിക്കുന്നതറിവു ഞാൻ.

20
എല്ലാം വെറു മൊരു ഭ്രാന്തായ് മാറട്ടെ,
എല്ലാം വെറുമൊരു കെട്ടു കഥയാകട്ടെ,
എല്ലാം വെറുമൊരു ദുസ്വപ്നമാകട്ടെ
എല്ലാം മറന്നിട്ടുറങ്ങാൻ തുടങ്ങട്ടെ,
മയങ്ങാൻ ശ്രമിക്കട്ടെ.
21
എങ്കിലും വാനമൊരു നീലനിറമാളുമ്പോൾ,
നിൻ നീലമിഴികളെന്നുള്ളിൽ നിറഞ്ഞു നില്ക്കും,
എങ്കിലും സന്ധ്യകൾ ചുവന്നു തുടുക്കുമ്പോൾ,
നീ തൊട്ട പൊട്ടെന്റെ ചിന്തയിൽ കത്തി നില്ക്കും,
എങ്കിലും മുല്ലകൾ പൂത്തു നില്ല്കെ,
നിൻ ഗന്ധമെന്നിൽ നിറഞ്ഞു നില്ക്കും.
22
നാളെ കിഴക്കൂന്നു വന്നൊരാക്കാറ്റു,
നിൻ തൊടിയിലെ പനി നീർ മലരിൻ-
ഇതളുകൾ മെല്ലെ ത്തഴുകി കടന്നു പോകും,
ഇവിടെയോ വാകയിൽ പൂവുകൾ ഏറെയുണ്ടു-
ഇനിയുമവ വെയിലേറ്റു വാടി വീഴും,
ദുഃഖം തിളച്ചു പതയുന്ന കായലിൻ-
തപ്ത നിശ്വാസമേറ്റിനി തേങ്ങിപ്പിടയും,
ചൂള മരങ്ങൾ വീണ്ടും.!

ശ്രീ
1991ഡി.ബീ. കോളേജ്ശാസ്താം കോട്ട
കോളജു മാഗസിനിലേക്ക് എഴുതിയ കവിത