Tuesday, 12 November 2013

മഞ്ഞു തുള്ളി


മറന്നു എന്നു കരുതി ഞാൻ നിന്നിൽ
 നിന്നൂർന്നുവീണതിൽ പിന്നെ എന്നെ നീ.
അറിയാവതല്ലെനിക്കു നിൻ സ്നേഹമിതെങ്കിലും
 എന്നിലെ വിശുദ്ധി നിനക്കായ്തന്നു ഞാൻ.

നീർത്തുള്ളിയായ്നിൻ തുമ്പിലൂടൊഴുകി
യിറങ്ങിടുമ്പൊഴൊക്കയും നിനക്കു ദാഹനീരായി ഞാൻ.
ജന്മാന്തരസ്നേഹനീർച്ചോലയായി നിന്നെ
 തഴുകി കിടന്നു ഞാൻ നീയറിയാതെ നിൻ നിനവിൽ.

ഉയരുമെൻ ആശതൻ തിരകളാൽ ചുംബിച്ചിരുന്നു
നീയറിയാതെ നിൻ നെറുകയിൽ ഞാൻ.
തീപോൽ തിളങ്ങുമീ സൂര്യന്റെ ചൂടിനാൽ
മാഞ്ഞുപോകുവോളം നിന്മാറിൽ പറ്റിയമർന്നു ഞാൻ.

ഹീനവിചാരങ്ങളൊട്ടുമേയില്ലാത്തൊരെൻ
മാനസം നിൻ കാല്ക്കൽ വെച്ചും ,
ഭിക്ഷയായ്നിൻ -നോട്ടമൊന്നു കൊതിചും
ഉൾതാപമൊടെ അണുരൂപമർന്നൂ നിൻ വേരുകൾ തേടി അലഞ്ഞുഞാൻ.

ലക്ഷ്യമായ്നിൻ കോശാന്തരാളങ്ങളിൽചെന്നു
ഉൾപ്പതിച്ചൂർജമായി നിന്നിൽ വിളങ്ങാൻ,
ലോകാരംഭകാലം മുതല്ക്കെ നിന്നിലൂടെ
ഇങ്ങനൊഴുകുന്നു ഞാൻ പിന്നെന്തു സംശയം.

ശുദ്ധ ധ്യാന വിസ്മ്രുതിയിൽ ഞാനറിയാതെ
യാമങ്ങളോളം തപംചെയ്തു നിൻ തുമ്പിൽ
നിന്നതൊക്കയും പീന്നെന്തിനെന്നോർത്തു നീ
വേണമോ അടയാളമെൻ സ്നേഹം അറിവാൻ വേറെ

Like ·  · Share

No comments: