Sunday 1 December 2013

മരണമൊഴി




കാർത്തിക നക്ഷത്രമിന്നസ്തമിക്കുന്നു,
കാർത്തിക വിളക്കിന്നാളിയെരിയുന്നു,

കാത്തിരുപ്പിന്റെ അവസാന നിമിഷവുമണഞ്ഞേക്കം,
കണ്ട നിമിത്തങ്ങൾ ശുഭമാണു നിമീലിതമായെൻ നേത്രവും .

താമരയല്ലികൾ കൂമ്പുന്നു താമസ്സമില്ലിനിയസ്തമയം,
താഴമ്പൂമണമൊഴുകുന്നു താഴ്‌വരയിലേതൊ താളം മുഴങ്ങുന്നു,
തേരുകൾ വരാറായോ -ചോദ്യമിതുയരുന്നുള്ളിൽ വന്നേക്കാം മറുപടിയിതാ,
താഴിട്ട വാതിലുകൾ തുറന്നു കിടക്കയാണു എൻ നവ -വാതയനങ്ങളും,
തണുത്ത വായുവിൽ ചന്ദന ഗന്ധം-വായിലോ കയ്പ്പുനീരൊഴുകുന്നു.


 കറുത്തരാത്രിക്കകമ്പടിയായ്‌ കറുത്ത മേഘങ്ങൾ,
 കടുത്ത കാറ്റിനു പിൻപെ കടുത്ത മഴയുംവരാം,
കാമിനി യവൾ കരയുന്നു കണ്ണീരിനവൾക്കു ക്ഷാമമില്ല,
കനത്തമുഖവുമായ്‌ ബന്ധുക്കൾ കരഞ്ഞകണ്ണുകൾ കണ്ടു മനം മടുത്തു

പലതുമോർത്തു കിടക്കുവാൻ സുഖമാണു-പലതുമോർമ്മയ്ക്കപ്പുറത്തായ്‌,
പലതുമെഴുതിയകീറ്റുകടലാസ്സ‍ീ മനസ്സു് പലയക്ഷരവും മാഞ്ഞേ പോയ്‌,
പുതുമോടികൾ മാടീ വിളിച്ചിരുന്നു-പുതുമണം തേടി ഞാനലഞ്ഞു,
പുതുമകളൊടുവിൽ നിറം മങ്ങിയ പുതു വസ്ത്രം പോലായ്,
പുതുമണം കാറ്റിലലിഞ്ഞേപോയ്‌ പുലരൊളീനട്ടുച്ചയായിതാ സന്ധ്യയും.

ഒടുവിലെൻ ചിന്തകൾ ഒടുങ്ങാത്തഭാരമായ്‌,
ഒടുങ്ങിയ മോഹങ്ങളുമായ്‌ ഒടിഞ്ഞു തൂങ്ങിയെൻ മൗലിയും,
ഒടുക്കമെല്ലാം കഴിഞ്ഞു ഒ‍ാർമ്മകൾമാത്രമായ്‌,
ഒടുങ്ങിടുന്നെനെൻ ഊർദ്ധനും പ്രാണനും 
ശ്രീ

No comments: