Sunday, 5 October 2014

ഒരു പൈങ്കിളി കവിത


കളകളം പറഞ്ഞൊഴുകും തെളിനീർ പുഴയും
നാണമിയലുന്നൊരു ചെറുകൈത്തോടും
കരയിൽ പീലി നീർത്തി സ്വാഗതമരുളുവാൻ
നല്ലിളനീർക്കുടം പേറും കേര വ്രുക്ഷങ്ങളും

ഓലകളിൽ തങ്ങി ത്തിളങ്ങും മഞ്ഞുതുള്ളികളും
പേറി കുനിഞ്ഞൊരാലസ്യത്തോടു ചായും
നൽ വയലേലകളൂം ഓർക്കുമ്പോൾ ഉള്ളിൽ
കിനിയുന്നോരാ നിനവിൻ സുഖം പറയാവതല്ല

ഓർക്കുമ്പോൾ തരിക്കുന്നു മെയ്യാകെ
ഉണരുന്നു മോഹങ്ങളെന്നുള്ളിലാകെ
ഓർക്കുവാനല്ലാതെയീ മണൽ നഗരത്തിൽ
അഭയാർഥിയായ് കഴിയും ഞനെന്തു ചെയ്യാൻ

കുത്തൊഴുക്കിൽ മറ്റൊരു കച്ചിതുരുമ്പായ്  ഞാനും
മുഖമില്ലൊരെണ്ണമെങ്ങും നിറയും ദയാ വായ്പ്പിൻ
അണിയുന്നു ഞാനും  കാപട്യത്തിൻ ചായം തേച്ച
പൊയ്മുഖമൊരെണ്ണം ലോകരെ നോക്കി ചിരിക്കാൻ

പോകണം പോയിക്കാണണം എനിക്കെൻ നാടിനെ
നുകരണം നുകർന്നുറങ്ങണം എനിക്കാ സ്വർഗീയമധു
എൻ പ്രിയ നാടേ വരുന്നിതാ നിൻ മകൻ നിന്നിലെക്കായ്
എൻ അമ്മതൻ ഗർഭപാത്രം തേടീയൊരു പുനർജ്ജനിക്കായ്

വീണ്ടും കാണും  ഞാനെൻ നാടിനെ മുങ്ങികുളിക്കും
ഞാനാതെളീനീരലകൾഞ്ഞൊറിയും പുഴയിലാവോളം
കിടക്കും ഞാനാ കരയിലെ വാകപ്പൂമലർശയ്യയിലൊരു
മലർമാല്യം കൊരുത്തു കാക്കും നിനക്കായ് പണ്ടേപ്പോൽ

പുളിയിലകരയൻ മുണ്ടും നേര്യതും  ഈറൻ മുടിത്തുമ്പിൽ
തുളസ്സിക്കതിരും വരമഞ്ഞൾക്കുറിയും പൂപ്പാലികയുമേന്തി
പ്രദക്ഷിണവഴിയും കടന്നു വന്നു നില്ക്കുമവളെന്നരികിൽ
പ്രഭാത കാലത്തു വിരിയും മുല്ലമലർപോലെ നിർമലമായ്

പടരുമവൾ തൊട്ട കുംകുമപൊട്ടിൻ ചുവപ്പെൻ കവിളിൽ
അതു കണ്ടു ചിരിക്കുമവൾ തെല്ലുറക്കെ കളിയാക്കിയെന്നെ
പെട്ടന്നു നടിക്കും ഞാൻ പരിഭവം അതു കാൺകെ നിർത്തും
ചിരിയവൾ നിറയും കൺകൾ എന്നോട് ചോദിക്കും പിണങ്ങിയോ

അതു കാൺകെ അലിയുമെൻ പരിഭവം ഒന്നാകും ഞങ്ങൾ
ഒന്നിച്ചു കൈകോർത്തു നടക്കും ഞങ്ങളാപുഴക്കരയിൽ
പൂഴിമണ്ണിൽ അമരും പാദങ്ങൾ തൻ കീഴേപൊട്ടിചിരിക്കും
പഞ്ചാരമണൽത്തരികളെൻ പ്രാണ പ്രേയസ്സിയെ പ്പോൽ

 ഞെട്ടിയുണർന്നൂ ഞാൻ തകർന്നൂ ചിന്തതൻ വാത്മീകം
എത്തിയെൻ ശകടമെൻ നാട്ടിൽ ചാടിയിറങ്ങിയ ഞാൻ
ചുറ്റും നോക്കി പകച്ചു  നിന്നേ പോയ് ചിന്തയിൽ ലയിച്ച
 ഞാൻ എത്തിയോ  യാത്ര തുടങ്ങിയ മഹാനഗരത്തിൽ വീണ്ടും

ഇതുതന്നെയെൻ നാടെന്നു തിരിച്ചറിഞ്ഞൂ ഞാൻ
തളർന്നേ പോയ് ഞാൻ തകർന്നൂ എൻ സ്വപ്നങ്ങളും
നടന്നൂ ഞാനെൻ തറവാട്ടിലേക്ക്  കതിരാടിയ വയലും
വഴുക്കും വരമ്പും ചെറു കൈത്തോടും  പോയ് നിരത്തായ്

ചീറിയോടുന്നവയിലൂടെന്നെക്കളിയാക്കി വാഹനങ്ങൾ
മാറ്റത്തിൻ പുതു മോടികൾ മാത്രമെങ്ങുമെവിടെയും കാണാം
മാറിയ നാടേ നിന്നെ കുറിച്ചുള്ള പ്രതീക്ഷകൾ പോലും
അമ്പേ മാറിപ്പോയെത്ര പെട്ടന്നെന്നുള്ളിലും,കഷ്ടം

 എത്തി ഞാനെൻ തറവാട്ടിൻ മുന്നിൽ കണ്ടു ഞാനെൻ
പഴയ വീടിൻ സ്ഥാനത്തൊരുഗ്രൻ കോൺക്രീറ്റ് സൌധം
കാണുന്നൂ ഞാനിവിടെയും ചായം തേച്ച മുഖം മൂടികൾ
ഉളിപ്പല്ലുരയും ശബ്ദം   മറച്ച കുശലാന്വേഷണങ്ങൾ

മാറ്റങ്ങൾ തകർത്തൂ മാനസ ഭിത്തികളെ  കരിഞ്ഞൂ
പ്രതീക്ഷകൾ  കൊഴിഞ്ഞൂ വിരസമാം ദിനങ്ങൾ
പ്രതിഫലം കൊതിക്കും സൌഹ്രുദ കൂട്ടായ്മകൾ
ക്രുത്യമായ് വിലയിട്ട പിൻ വിളികൾ ഹസ്തദാന കർഷകർ

പെട്ടെന്നോർമ്മയിലോടിയെത്തിയെൻ പ്രേയസ്സിയും
വാകയും പൂത്തു നില്ക്കും പുഴയോരവും മണൽത്തിട്ടയും
മലർശയ്യയും കുളിർത്തെന്നലും മധുരിക്കുമാ ദിനങ്ങളും
അറിയാതെൻ പാദങ്ങൾ അവിടേക്കു നീങ്ങുന്നതറിവുഞ്ഞാൻ

നൽത്തെളിനീർ നിറഞ്ഞൊരാപനിനീപൂമ്പുഴ നിലയെഴാ-
കയമൊളിപ്പിച്ച കറുത്ത മണലൂറ്റു ക്കുഴിയായ്ത്തീന്നിതാ
നിൻ മലർപാദങ്ങൾ പതിഞ്ഞ പഞ്ചരമണൽത്തിട്ടയോ
ലോറിച്ചക്രം പുതഞ്ഞു വികൃതമാം വഴിച്ചാലായ് മാറി

സ്നേഹാശംസകൾ ചൊരിഞ്ഞൊരാ വാകമരം നിന്ന
പുഴയോര ഭൂമിയോ കാണാനില്ലവിടെ  സ്വഛ സുന്ദര
സ്വപ്നഭൂമിയേ കോരി വിൽ ക്കുന്നു  ലാഭമോഹികൾ
വിറ്റു തിന്നുമവർ സ്വന്തം അമ്മയേയും മടിയെഴാതെ

പെട്ടന്നെൻ മുന്നിൽ സ്കൂട്ടിയിലെത്തിയ രൂപം കണ്ടു
ഞെട്ടീ ഞാൻ വീണ്ടും  കണ്ടൂ പണ്ടത്തെ പ്രിയതമയെ
സ്ട്രെയിറ്റാക്കിയ ചെമ്പൻ മുടിയിഴകൾ ക്യൂട്ട്ക്സ് പുരട്ടിയ
വിരലാൽ മാടിയൊതുക്കി ലിപ്സ്റ്റിക്കും റൂഷും തേച്ചവൾ
നിന്നെൻ മുന്നിൽ നിർലജ്ജം ലാസ്യഭാവനടനമോടെ

നരച്ച ജീൻസും ടോപ്പും  ഹൈഹീലിൽ പൂച്ചചുവടും
നീട്ടിയ കയ്യും ആംഗലേയത്തിൽ സുഖാന്വേഷണവും
കഴിഞ്ഞില്ല മിണ്ടുവാൻ തെല്ലും  മൊഴിയറ്റു തലയാട്ടി
തിരിച്ചു നടക്കവേ മനസ്സിലായ് എല്ലാം  മാറിയിരിക്കുന്നു


മാറാത്തതു ഞാനും  ഭൂതകാലത്തിൽ അഭിരമിക്കും
എൻ മനസ്സും മാത്രം  കഴിയില്ലമാറുവാൻ എനിക്കല്പ്പവും
നീങ്ങേണ്ടെനിക്കീ ലോകത്തിൻ ഭ്രാന്ത വേഗത്തിനൊപ്പം
കഴിയട്ടെ ഞാനിവിടെയെൻ മനസ്സിലെ പച്ചത്തുരുത്തിൽ

ഈ നൽ തെളിനീരു നിറയും പുഴതൻ ചാരെ നിറം
മങ്ങാത്തൊരെൻ പഴയ സ്വപ്നങ്ങളും മോഹങ്ങളും
ചൊരിയുമീ വാകതൻ ചോട്ടിലീമലർശയ്യയിൽ
നിനക്കായ് കൊരുത്തൊരാ മുല്ല മാലയുമായ്
നിന്നോർമ്മയിൽ  നീറിയുരുകട്ടെ ഞാൻ
 

ഹേ നഗരമേ തിരികെ  വരുന്നു ഞാൻ നിൻ തിരച്ചുഴിയിൽ
മുഴുകാൻ നിൻ മണൽ ക്കൈകളാൽ വാരിയൊതുക്കുക
ആരുമറിയതെ നിന്നിലൂടൊഴുകട്ടെ , തീരട്ടെ ഇജ്ജീവനിങ്ങനെ
ആൾക്കൂട്ടത്തിലേകാകിയായ് അനാഥമായ് ആർക്കും വേണ്ടാതെ

No comments:

Post a Comment