Tuesday, 28 August 2018

പ്രളയ പയോധി ജലേ 
==================

'ടീച്ചറിന്റെ ക്ലാസിലെ കുട്ടികളുടെ ബഹളം സ്റ്റാഫ് റൂമിൽ വരെ കേൾക്കാം പെട്ടന്ന് ചെന്നാട്ടെ 'എന്ന പ്യൂൺ ശങ്കരന്റെ സ്വാഗതവചനവും കേട്ടാണ്  സുമതിടീച്ചർ സ്കൂൾവരാന്തയിലേക്ക് കാൽവെച്ചത് . പതിവിലും എറെ താമസിച്ചാണ് ബസ് വന്നത്, കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയും , പ്രകൃതിക്ഷോഭവും കാരണമുണ്ടായ  ഉരുൾപൊട്ടലും , പ്രളയവും എല്ലാംകഴിഞ്ഞ് ക്യാംമ്പും പിരിച്ചു വിട്ട്  സകൂൾതുറന്നിട്ട് രണ്ടുദിവസമേ ആയുള്ളൂ , ബസ്സുകൾ ഒക്കെ ഓടിതുടങ്ങുന്നതേയുള്ളൂ , ഉള്ളതുതന്നെ ഇന്ന് സമയംതെറ്റിയാണ്‌ വന്നത് .
ഭാഗ്യം ഹെഡ്മാസ്റ്റർ റൂമിലില്ല പെട്ടന്ന് ഒപ്പുമിട്ട്   ഒറ്റ ഓട്ടത്തിന് സ്റ്റാഫു റൂമിലെത്തിയപ്പോഴേ എല്ലാവരുടെയും കൂർത്ത മിഴിമുനകൾ സുമതിടീച്ചറിനെ കുത്തി നോവിച്ചു തുടങ്ങി.
 ഒരുവിധം ബാഗും താഴെ വെച്ച്
ചോക്കും ചൂരൽ വടിയും ഹാജർ- ബുക്കുമെടുത്ത് ക്ലാസിലേക്ക്‌ വലിഞ്ഞുനടന്നു .
 ദൂരനിന്നേ കൂട്ടികളുടെ ആർപ്പുവിളിയും എന്തൊക്കയോ കിലുക്കുന്ന ശബ്ദവും കേൾക്കാം .
സുമതി ടീച്ചർ.ക്ലാസ്സിലേക്കു കടന്നതൊന്നും  കുട്ടികൾ അറിഞ്ഞില്ല,
 ടീച്ചറാകട്ടെ എന്താണ് നടക്കുന്നത് എന്നു നോക്കി ഒരുനിമിഷം നിശബ്ദം നിന്നു. കുട്ടികൾ ഡസ്കിൽ കമഴ്ന്നു കിടക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചുറ്റും നിന്ന്, കയ്യിലിരിക്കുന്ന നാണയങ്ങൾ നിറച്ച കുഞ്ഞു വഞ്ചിപ്പെട്ടികൾ കിലുക്കി  ആർത്തുവിളിച്ചു തുള്ളിച്ചാടുകയാണ്,
കമിഴ്ന്നു കിടക്കുന്ന കുട്ടി ഏങ്ങലടിച്ചു കരയുന്നുണ്ട്  അവളുടെ കയ്യിൽ നെഞ്ചോടു ചേർത്തു പിടിച്ച ഒരു വഞ്ചി പെട്ടിയുമുണ്ട് , കാര്യമെന്തെന്നറിയാതെഅന്ധാളിച്ചു  പോയ ടീച്ചർ കയ്യിലിരുന്ന വടി ഡെസ്കിൽ ആഞ്ഞടിച്ചു ,  അതോടെ കടന്നൽകൂട്ടിൽ കല്ലിട്ടമാതിരിയുള്ള ബഹളവും, ഇരമ്പലും നിലച്ചു കൂട്ടികൾ അവരവരുടെ സീറ്റിലേക്ക് പരക്കം പാഞ്ഞൊടുവിൽ സ്വസ്ഥരായി.
പതഞ്ഞുപൊന്തിയദേഷ്യം.പണിപ്പെട്ടടക്കികൊണ്ട്.
ടീച്ചർ കുട്ടികളോട് ചോദിച്ചു എന്താണിവിടെ നടക്കുന്നത് ?എന്തായിത്ര ബഹളം

ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും അവരാൽ കഴിയുന്ന തുക വീട്ടിൽ നിന്നും രക്ഷകർത്താക്കളോട് വാങ്ങി കൊണ്ടുവരണമെന്ന് പറഞതിൻ  പ്രകാരം നാലാം ക്ലാസിലെ കുട്ടിപ്പടകൾ അന്നു ക്ലാസ്സിൽവന്നത്  ചെറിയ പ്ലാസ്റ്റിക്കിന്റേയും മണ്ണിന്റേയും കുടുക്കകളുമായിട്ടാണ് ,
അത് കിലുക്കി എന്റെയാ കൂടുതൽ നിന്റേത് കുറച്ചേയുള്ളൂ എന്നു.പറഞ്ഞ് പരസ്പരം . മത്സരിക്കുന്ന ബഹളമാണ് കേട്ടത്.

പക്ഷെ അവർ കമഴ്ന്നുകിടക്കുന കുട്ടിയുടെ ചുറ്റും കിലുക്കിക്കൊണ്ട് നടന്നത് എന്തിനാണന്ന് മാത്രം  ടീച്ചറിന് പിടികിട്ടിയില്ല.
നെറ്റിയിലെവിയർപ്പ് സാരിത്തലപ്പുകൊണ്ടൊപ്പി ടീച്ചർ കസേരയിലേക്കിരുന്നുകൊണ്ട്  കമിഴ്ന്നു കിടന്നു കരയുന്ന കുട്ടിയോട് എഴുനേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു ,  പതിയെ അവൾ എഴുനേറ്റുനിന്നു കരഞ്ഞു കലങ്ങിയ കണ്ണുകൾ കൺമഷി പടർന്നിരിക്കുന്നു മുഖം നനായി ചുവന്നിട്ടുണ്ട് , കുഞ്ഞിളം ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നുമുണ്ട്,
അത് കുഞ്ഞുലക്ഷ്മി ആയിരുന്നു, ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടുതന്നെ അവൾ എഴുനേറ്റുനിന്നു കയ്യിലിരുന്ന വഞ്ചിപ്പെട്ടി അവൾ അപ്പോഴും നെഞ്ചോടു ചേർത്തു പിടിച്ചിട്ടുണ്ട് പതിയെ ടീച്ചർ  അവളെ അടുത്തേക്കു വിളിച്ചു  മുഖം കുനിച്ചടുത്തുവന്ന അവളുടെ ഏങ്ങലടി വീണ്ടും  ഉച്ചത്തിലായി  ,
അവളിൽ നിന്നും കാര്യം ഉടനെ മനസ്സിലാക്കാൻ പറ്റില്ലെന്നു മനസ്സിലായ ടീച്ചർ മറ്റു കുട്ടികളോടു കാര്യം തിരക്കി ,
 ക്ലാസിലെ വഴക്കാളിയും ബഹളക്കാരനുമായ റേഷൻകടക്കാരൻ ജോർജ്ജിന്റെ മോൻ മാത്തുക്കുട്ടി പറഞ്ഞു ,  ' ടീച്ചറേ കുഞ്ഞിലക്ഷ്മി ദുരിതശ്വാസത്തിനു കൊടുക്കാൻ വഞ്ചിപെട്ടിമാത്രമേ കൊണ്ടുവന്നൊള്ളൂ അതിലൊന്നുമില്ല അല്ലെങ്കി ടീച്ചറു കിലുക്കിനോക്കിയാട്ടെ  ഞങ്ങളെലാവരുടേം വഞ്ചിപെട്ടി കിലുങ്ങി അവൾടെ മാത്രം.കിലുങ്ങിയില്ല  എന്റേയാ തോനെ', കിലുങ്ങുന്നെ മാത്തുക്കുട്ടി അഭിമാന പൂർവം.പറഞ്ഞു നിറുത്തി  കുട്ടികളെല്ലാംകൂടി ആർത്തു ചിരിച്ചു, ടീച്ചർക്കു വീണ്ടും ശക്തിയായ് വടി മേശയിലടിക്കേണ്ടി വന്നു ആ ബഹളം നിർത്തുവാൻ  പതിയെ ടീച്ചർ കുഞ്ഞു ലക്ഷ്മിയോട്  സീറ്റിൽ പോയിരിക്കുവാൻ ആവശ്യപ്പെട്ടു എന്തോ പറയുവാൻ തുടങ്ങിയിട്ട് വേണ്ടെന്നുവെച്ച് കരഞ്ഞു കൊണ്ടുതന്നെ അവൾ തന്റെ സീറ്റിലേക്ക് പോകുന്നത് ടീച്ചർ നോക്കിയിരുന്നു
ഒരു സാധു കുടുംബത്തിലെ കുട്ടിയാണ് കുഞ്ഞിലക്ഷമി അച്ഛനും അമ്മയും  കൂലിപണിക്കാരാണ്  ഇന്നലെ ക്ലാസിൽവെച്ചു കുട്ടികളോട് നിങ്ങളുടെ വീട്ടിൽ  പണമിട്ടു വെച്ചിരിക്കുന്ന ചെറിയ വഞ്ചിപെട്ടികളുണ്ടെങ്കിൽ അച്ഛനോടും അമ്മയോടും.പറഞ്ഞിട്ട് അതു കൊണ്ടുവന്നാൽ മതി എന്ന് താനാണ് പറഞ്ഞത് പാവം അതു കേട്ടപടി വഞ്ചിപെട്ടിയും എടുത്തും കൊണ്ടു പോന്നതാണ്  മറ്റുകുട്ടികൾ അതെടുത്തു കിലുക്കി  നോക്കിയപ്പോൾ ശബ്ദം ഒന്നുമില്ലാത്തതിനാൽ കുഞ്ഞിലക്ഷ്മിയെ കളിയാക്കി അതാണവൾ കരഞ്ഞത്, അവളുടെ മുഖം അപമാനഭാരത്താൽ കുനിഞ്ഞുതന്നെയിരുന്നു കൈമുഷ്ടികൾ അമർഷത്താൽ ചുരുട്ടി പിടിച്ചിരുന്നു.

 ടീച്ചർ പതിയെ ഓരോരുത്തരുടെയും പേരു വിളിച്ച് അവരവർ കൊണ്ടു വന്ന വഞ്ചി പെട്ടി പൊട്ടിച്ച് പണം മേശപ്പുറത്തു കുടഞ്ഞിട്ട് എണ്ണിതിട്ടപ്പെടുത്തി ബുക്കിൽ കുറിച്ചു വെക്കുവാൻ തുടങ്ങി
അനിൽ നൂറ് ,ബാബു നൂറ്റി അയ്മ്പത് ,ഓമന നൂറ്റി പത്ത്,  സാറാമേരി ഇരു നൂറ്റമ്പത്. കുഞ്ഞഹമ്മദ് എഴുപത്തി അഞ്ച് ,വാസു മുന്നൂറ് ,രവി  നൂറ്റി മുപ്പത്തി അഞ്ച്
ഗൾഫു കാരൻ തോമസിന്റെ മോൻ സാബു അഞ്ഞൂറ്,  റേഷൻകടകാരൻ ജോർജ്ജിന്റെ മോൻ മാത്തുക്കുട്ടി  അവൻ.പറഞ്ഞ പോലെ ഏറ്റവും കൂടുതൽ തുക കൊണ്ടുവന്നു ആയിരം രൂപ ,അവന്റ അച്ൻ അരിയും മറ്റു സാധനങ്ങളും ഇതു കൂടാതെ ക്യാമ്പിൽ കൊടുത്തി്ട്ടുണ്ടത്രേ .
പലരും സാധാരണ കുടുംബത്തിലെ കൂലി പണിക്കാരുടെ  കുട്ടികളാണ്  കഴിഞ ഒരു മാസമായി തുടരുന്ന മഴകാരണം  പലർക്കു
.നേരെ ചൊവ്വേ പണിക്കുപോലും പോകുവാനൊത്തുകാണില്ല , എങ്കിലും മറ്റൊന്നിനും എടുക്കാതെ അവർ കരുതിയിരുന്ന  നൂറും അഞ്ഞുറും. ഇരുനൂറുമൊക്കെ ആയി  വഞ്ചിയിലിട്ടുവെച്ചിരുന്ന തുക അവർ കൊടുത്തുവിട്ടിരിക്കുന്നു ,
മൊത്തം അയ്യായിരം രൂപ കളക്ടു ചെയ്തു  മനപ്പൂർവ്വം സുമതിടീച്ചർ കുഞ്ഞു ലക്ഷ്മിയുടെ പേരു വിളിച്ചില്ല  പാവം  അവളെ കൂടുതൽ വിഷമിപ്പിക്കണ്ട എന്നു കരുതി
കണക്കെഴുതിയ ബുക്ക് അടച്ചു വെച്ച് ടീച്ചർ.പതിയെ പറഞ്ഞു തുടങ്ങി  കുട്ടികളെ നിങ്ങൾ വലിയകാര്യമാണ് ചെയ്തിരിക്കുന്നത്  ഈ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ  കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിലേക്കായി  നിങ്ങൾ കൊണ്ടുവന്ന ഈ തുകയും മറ്റു ക്ലാസ്സിലെ കുട്ടികൾ കൊണ്ടുവന്ന തുകയും.ചേർത്ത് നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു  നമ്മൾ സംഭാവന ചെയുന്നതാണ്  നാളെ രാവിലെ നമ്മുടെ സ്കൂളിൽ വെച്ചു നടക്കുന്ന മീറ്റിംഗിൽ നമ്മുടെ എമ്മെല്ലേ ഈ തുക ഏറ്റു വാങ്ങും  ചിലർക്ക് ഒരുപക്ഷെ ഒന്നും കൊണ്ടുവരാനായിക്കാണില്ല അതിന് അവരെ നമ്മൾ കളിയാക്കരുത് അതവരെ വേദനിപ്പിക്കും കുഞ്ഞു ലക്ഷ്മിയുടെ നേർക്ക്.നോക്കികൊണ്ട് ടീച്ചർ.പറഞ്ഞു നിറുത്തി
പെട്ടന്ന് പിരീഡ് അവസാനിച്ചുകൊണ്ടുള്ള ബെല്ലുമുഴങ്ങി സുമതിടീച്ചർ പതിയെ സ്റ്റാഫ് റൂമിലേക്ക് പോകുവാൻ എഴുനേറ്റു .
പെട്ടെന്ന് മുന്നിൽ  കുഞ്ഞിലക്ഷമി
താൻ അവളുടെ പേരു വിളിക്കാൻ,
വിട്ടു പോയതോർമ്മിപ്പിച്ചുകൊണ്ട്അവൾ അവളുടെ  വഞ്ചിപെട്ടി ടീച്ചറിനു നേരെ നീട്ടി
ഒപ്പം ഒരു കടലാസ്സും  വിസ്മയത്തോടെ ടീച്ചർ വഞ്ചിപെട്ടിയും കത്തും  ഏറ്റു വാങ്ങി കുട്ടികൾ  അതുകണ്ട് ആർത്തു ചിരിക്കുവാൻ തുടങ്ങി കത്തുവായിച്ച സുമതി ടീച്ചർ അവിശ്വാസത്തോടെ കുഞ്ഞു ലക്ഷ്മിയേയും കത്തും മാറിമാറി നോക്കി,
പിന്നീട് കുഞ്ഞിലക്ഷ്മിയെ കളിയാക്കി ചിരിക്കുന്ന കുട്ടികളോടു ഇങ്ങനെ പറഞ്ഞു , എല്ലാവരും ചിരിച്ചതുമതി ഇനി കുഞ്ഞി ലക്ഷമിയ്ക്ക് ഒരു ക്ലാപ്പു കൊടുത്താട്ടെ ,
അമ്പരന്ന കുട്ടികൾ പൊടുന്നനെ നിശബ്ദരായി.
 ടീച്ചർ തുടർന്നു , 'കൂഞ്ഞിലക്ഷ്മിയുടെ വഞ്ചിപെട്ടി കിലുങ്ങാഞ്ഞത് അതിൽ പണമില്ലാഞ്ഞല്ല  അതിൽ നാണയമില്ലാഞ്ഞതിനാൽ ആണ്  ,
പകരം അതു നിറയെ നോട്ടുകളാണ്, നിങ്ങൾക്കു വേണ്ടി ഞാൻ, കുഞ്ഞിലക്ഷ്മിയുടെ അച്ഛൻ ,
എനിക്കെഴു തിയ ഈ കത്തു വായിക്കാം ,

എത്രയും ബഹുമാനപ്പെട്ട ടീച്ചർക്ക്,

ഇന്നലെ കുഞ്ഞിലക്ഷ്മി വീട്ടിൽ വന്ന് വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടു ദുരിതമനുഭവിക്കുന്നവരേ സഹായിക്കാൻ എല്ലാകുട്ടികളും  അവരാൽ കഴിയുന്ന സംഭാവനകൾ കൊടുക്കണമെന്നു ടീച്ചർ.പറഞ്ഞതായി പറഞ്ഞു
ഞങ്ങൾ ഒരു വീടു പണിയുവാൻ വേണ്ടി കരുതി ചേർത്തു വെച്ചിരുന്ന ഞങ്ങളുടെ സമ്പാദ്യമായ ആ വഞ്ചിപെട്ടിയിലെ  ഇരുപ്പത്തിഅയ്യായിരം ഉറുപ്പിക കുഞ്ഞിലക്ഷമിയുടെ കയ്യിൽ കൊടുത്തയയ്ക്കുന്നു ,
ദെയവായി ഇതു സ്വീകരിക്കുക
ഇപ്പോൾ നമ്മുടെ ആവശ്യത്തേക്കാൾ
 വലുത് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുകയെന്നതാണ് എന്നാണ് ടീച്ചർ പറഞ്ഞതെന്ന് കുഞ്ഞിലക്ഷമി പറഞ്ഞു
കുഞ്ഞിലക്ഷ്മിയുടെ ടീച്ചർ പറഞ്ഞാൽ പിന്നെ ഞങ്ങൾക് അതിൽ മാറ്റമില്ല വീടൊക്കെ പിന്നെ വേണമെങ്കിലും ഉണ്ടാക്കാമല്ലോ
ഇപ്പോൾ  ഉള്ള വീടുകൾ  നഷ്ടപ്പെട്ടു പോയവർക്കാണിതാവശ്യം.

സ്നേഹപൂർവ്വം
കുഞ്ഞിലക്ഷ്മിയുടെ അച്ഛൻ

കത്തിൽ നിന്നും മുഖമുയർത്തിയ ടീച്ചർകണ്ടത്  തലയുയർത്തിപിടിച്ച് നിൽക്കുന്ന കുഞിലക്ഷ്മിയെ ആണ് അവളുടെ കുഞ്ഞുമുഖം തന്റെ അച്ഛനെ ഓർത്ത് അഭിമാനത്താൽ വികസിച്ചിരുന്നു കുഞ്ഞു കൺകളിൽ അന്തസിന്റെ തിളക്കമുണ്ടായിരുന്നു ചുണ്ടിന്റെ കോണിൽ   ഒരു പുഞ്ചിരി തങ്ങിയിരുന്നു  തന്നെ കളിയാക്കിയവരോടുള്ള സഹതാപമാർന്ന ചെറു  പുഞ്ചിരി
കുഞ്ഞിലക്ഷ്മി പതിയെ വളർന്ന് ആകാശത്തോളമുയർന്നു നിൽക്കുന്നതായി  ടീച്ചർക്കു തോന്നി
അമ്പരന്നിരിക്കുന്ന കൂട്ടുകാർക്കിടയിലൂടെ സ്വന്തം സീറ്റിലേക്ക് കുഞ്ഞിലക്ഷമി തല ഉയർത്തി തന്നെ നടന്നു പോയ്.
രചന .
ശ്രീകുമാർ രാമകൃഷ്ണൻ .

No comments:

Post a Comment