Thursday 20 November 2014

ഒരഛൻ മകളോടു പറഞ്ഞതു


സ്കൂൾ ബാഗെടുത്തോളു കുഞ്ഞേ നടക്കുക,
ബസ്സു വരാൻ സമയമായ് ഏറ്റിവിടാമഛൻ,
ബസ്സ് ഏറുമ്പോളോർക്കുക വൈകിട്ടു സ്കൂൾ-
വിട്ടുവരുംവരേക്കും നീ തികച്ചും തനിച്ച്.

ശ്രദ്ധ വേണമെപ്പോഴുമെന്തിനും ഏതിനും
ബസ്സിൽ ഏറുമ്പോഴും ഇറങ്ങുമ്പോഴും
കിളിമാമൻ കൈ ദേഹത്തു  തടവാതെ നോക്കുക
സീറ്റിൽ അടുത്തിരിക്കുന്നതാരെന്നു നോക്കി
അല്പം അകലമിട്ടിരിക്കുക ദേഹത്തു തട്ടാതെ

മുതിർന്നചേട്ടൻ മാരടുത്തു വന്നിരുന്നാൽ
പതിയെ എഴുനേറ്റു പോവുകസ്കൂളെത്തും വരെ
നിന്നാലും സാരമില്ല സ്വസ്ഥയാവുക
ഒഴിഞ്ഞു മാറാൻ പഠിക്കുവതങ്ങിനെ

കൂട്ടുകാരോടു ചേർന്നു നടക്കുക
ഒറ്റയ്ക്കാകരുതു നീ ഒരു നിമിഷവും
ഒരുകഴുകൻ നിഴൽ നിൻ തലക്കു മുകളിലായ്
പരന്നു കിടക്കുന്നതറിയൂ നീ

മാഷന്മാരാണെങ്കിലും ഒരുകരുതൽ വേണമെപ്പൊഴും
ശിക്ഷാനടപടികളാണെങ്കിലുംതിൻ തുടയിൽ തിരുമ്മാൻ
തുടങ്ങിയാൽ ആ കൈ തട്ടിമാറ്റുകപേടിക്കരുതു കരഞ്ഞു
നിൻ ദൌർബല്യം വെളിപ്പെടുത്തരുത് അതാണു അവരുടെ ബലം


നീ പെൺകുട്ടിയാണു ശരിതന്നെ എങ്കിലും
നീ ഒരിക്കലും ആരുടെയും ഔദാര്യമിരക്കാതെ
നിൻ കാലിൽ നിവർന്നു നില്ക്കുക ഒരിക്കലും
പഠിക്കാതിരിക്കരുതു കാരണം അതിലാണു നിന്റെ
ഭാവി അല്ലെങ്കിൽ നീ ഒരടുക്കളയിൽ ഒടുങ്ങിയേക്കാം

ഉറക്കെ ചിരിക്കരുതു അതു മറ്റുവരെ
നിന്നിലേക്കാകർഷിച്ചേക്കാം അതിനാൽ
ചിരിയടക്കുക നീ തന്നെ യാണു നിന്നെ
രക്ഷിക്കേണ്ടതു എന്നറിയുക


സമ്മാനങ്ങൾ സ്വീകരിക്കരുതു ആരുടെയും
അവ നിന്നെ അടിമപ്പെടുത്തിയേക്കാം ഓർക്കുക
സമ്മാനങ്ങൾ കൊടുക്കരുതു അതു നിന്നിൽ
പ്രതീക്ഷകൾ നിറച്ചേക്കാം മറക്കരുത്

എന്തിനും ഏതിനും  എപ്പോഴുമഛന്റെ
ഇത്തരം വിലക്കുകൾ നിനക്കു മടുത്തേക്കാം
എങ്കിലും അമ്മയില്ലാത്ത കുട്ടിയല്ലേ നീ
വേറാരുണ്ടു പറയാനിതു പോലെനിന്നോടു

ഒന്നിച്ചു പോരാൻ ഈ വാഴ്വു തിരഞ്ഞെടുത്തതിനാൽ
ഏല്ലാരുമുപേക്ഷിച്ചുവല്ലോ ഞങ്ങളെ ഇന്നവളില്ലാതെ
എങ്ങിനെ ഞാൻ  മാത്രം മടങ്ങുമിന്നീ മണ്ണിൽ നിന്നും
നീയല്ലാതാരുണ്ടു കുഞ്ഞേയീ ഭൂവിൽ വാഴാനെന്നൊടൊപ്പം

No comments: