Wednesday, 12 November 2014

“അതിജീവനം”ഭാഗം1.
‘നിലനില്പ്’

കാട്ടുതേക്കിൻ വേരു പോലുള്ള പാദങ്ങൾ.
നരക നഗരത്തിങ്കൽ ആഴ്ത്തിനിർത്തി,
കാട്ടു ചുള്ളിക്കമ്പു പോലുള്ള വിരലുകൾ,
നഗരനരനുടെ മുഖത്തേക്കു ചൂണ്ടിനിർത്തി.

നിലനില്പ്പിനായ് നിലകൊള്ളുന്നു തൻ-
നിലം വിട്ടിങ്ങു പോന്നൊരീ നിരാലംബമാർ,
നിർനിമേഷം ഉറ്റുനോക്കുമീ കൺകളിൽ,
നിലയ്ക്കാത്ത ഉലതൻ കനൽത്തിളക്കം.

ഗോത്രതാളം ചവിട്ടുന്നൊരീ കാല്കളിൽ,
അമർത്തും അമർഷത്തിൻ ഇടിമുഴക്കം,
ശോത്രം നിറയ്ക്കുമീ വായ്ത്താരിയിൽ,
ചാർത്തുന്നു പകയുടെ വാളിരമ്പം.

ഭാഗം 2
‘പുരാവൃത്തം’
അറിവായ  അറിവുകൾക്കൊക്കെയുമപ്പുറം,
അർഥമനർത്ഥം വിതയ്ക്കുന്ന നാടിന്നുമപ്പുറം,
അത്യാർത്തിതൻ പറ മുഴങ്ങുന്ന മേടിന്നുമപ്പുറം,
അടിമ,അടിയാൾ ഉടയോൻ ഭേദത്തിനപ്പുറം.

ആദിമ വനാന്തര ഗഹ്വരങ്ങൾ തന്നിൽ,
ആടിയുറഞ്ഞു തിമർത്തു നടന്നവർ,
ആടലേതും അറിയാതെ വസ്സിച്ചവർ,
ആടിമാസ്സത്തിങ്കൽ ഒട്ടിക്കഴിഞ്ഞവർ,

ആവണിപിറക്കവേ തിനയിറക്കി,
ആനയാട്ടി ചാമ കൃഷിയിറക്കി,
ആളും അനക്കവുമില്ലാത്തകാട്ടിലെ,
ആരൻ കിഴങ്ങുകൾ ചുട്ടു തിന്നും,

ഇലകൂട്ടി ഉടലിന്റെ നാണം മറച്ചും,
ഇല്ലിപ്പടർപ്പിൽ  പുണർന്നും,നുകർന്നും,
ഇരു നാഗരൂപത്തിൽ ചുറ്റിപ്പിണഞ്ഞും,
ഇണചേർന്നുറങ്ങി തളർന്നും തെളിഞ്ഞും,

ഈറ യേതുമേയില്ലാതെ നൊന്തും കരഞ്ഞും,
ഈറപ്പടർപ്പിലന്നീറ്റുനോവാൽ പിടഞ്ഞും,
ഈഷലന്യേ നൽ ക്കുലം തളിർത്തും തെഴുത്തും,
ഈശ്ശനെ മാത്രം വണങ്ങി പ്പുലർന്നും.

ഉരിയ മുളയരി, അരിയൊരീ കാട്ടു തേൻ,
ഉരച്ച കന്മദം, ഉണങ്ങിയ വെരൂമ്പുഴു,
ഉരിച്ച പുലിത്തോൽ, പറിച്ച നരിനഖം,
ഉറച്ച കുന്തിരിക്കം, ഏലം, അകിൽ മരം, ചന്ദനം

ഊർവരമീ ക്കാടു നല്കും മീ വിഭവങ്ങൾ,
ഊനമില്ലാത്തതാം സമ്പാദ്യമെങ്ങൾക്കു,
ഊരാളിതുള്ളുന്ന ഉൽസവാഘോഷങ്ങൾ,
ഊരൊക്കെ മാർകഴിപ്പൂരം ,തപ്പുകുറുംകുഴൽ മേളം ,

ഋതുക്കൾ മാറി  പ്പുലർത്തുന്ന പൂവനം ,
ഋക്കുകൾ മന്ത്രങ്ങൾ ചൊല്ലുന്ന കാടകം,
ഋഷികൾ ചമതകളെരിച്ചൊരീ വാടകം,
ഋജുവായ സത്യം പുലരും ആരണ്യകം,

ഭാഗം 3
‘വർത്തമാനം’

എങ്ങുനിന്നോ വന്നിവർ കാട്ടിലായ്,
എണ്ണം പറഞ്ഞങ്ങു വെട്ടീ മരങ്ങളും,
എന്ത്രക്കലപ്പയാൽ കുന്നുകൾ നിരത്തി,
എത്ര നീർച്ചോലയുടെയുറവകൾ തുരന്നു.

ഏതും അറിയാകിടാവിന്റെ മാനം കവർന്നും,
ഏതും ഓരാത്ത പെണ്ണിന്റെ ചേലയഴിച്ചും,
ഏറ്റോരെൻ  പുത്രന്റെ പെരുവിരലറുത്തും,
ഏറു മാടങ്ങൾ തീയിട്ടു വിളകൾ കയ്യേറിയും,

ഒത്തു വരുന്നിവർ  പലനിറ കൊടികളും പേറി,
ഒരു കെട്ടു പുകയില, ഒരു കുപ്പി മദ്യം,
ഒരു ചുരുട്ടിൻ പുക, ഒരു വെള്ളി നാണ്യം,
ഒരു തിളങ്ങും തുണി, ഒരു മുക്കുപണ്ടം,
ഒരുമ വിറ്റുവെന്നറിയാതുറങ്ങുന്നു മൂപ്പൻ,

ഓർക്കുവാൻ വയ്യേന്റെ തൈവേ,
ഓർമ്മയില്ലാതലയുന്നു കണവൻ,
ഓജസ്സും മാനവും കെട്ടു പോയ്,
ഓട്ടക്കാശിനു വില്ക്കുന്നെൻ മാളെ,

ഔപചാരിക സമ്മേളനം കഴിഞ്ഞ്-
ഔത്തരേയൻ ഈ വിധം ചൊല്ലീ,
ഔദാര്യമോടാതങ്കമാറ്റാൻ ഒരുക്കുക,
ഔപായകം പുനരധിവാസം ക്ഷണം.

അംകുശം ഇല്ലാതെ വിശ്വസിച്ചീടുവാൻ,
അംബയല്ലാതില്ലാരുമീ മണ്ണിൽ,
അംശാധിപതികൾ നാം കാനന ഭൂമിതൻ,
അംശിച്ചേനെങ്ങളേ നിങ്ങൾ.

ഭാഗം 4
‘ഫലശ്രുതി’
അനർത്ഥം പെരുകുന്നു മുടിയുന്നു കാനനം,
അരചർ അടിയാളരായ്  ദൈന്യംകഴിക്കുന്നു,
അലറുന്നു മലമുത്തിചുടു ചോരകിട്ടുവാൻ,
അലിവെഴാ തമ്പ്രാക്കൾ ചൂഴുന്നു കൺകൾ.

കരിവീരമരുതിന്റെ ഉച്ചിയിൽ കയറുവോർ,
കരിവീരകൂട്ടമൊടു കൊമ്പുകൾ കോർത്തവർ,
കരിംചാതിയെ ഒക്കെ മാലയായ്  പോട്ടവർ,
കരിമ്പുലിയെ കാട്ടിൽ  വേട്ടയാടുന്നവർ,
കോൺക്രീറ്റു പണിയാളരായി മാറുന്നു.

കാട്ടുതേൻ തിനകൂട്ടിതിന്നവരെങ്ങൾക്കു-
കാട്ടുന്നു പുഴുവാർക്കും പച്ചരിച്ചോറുമാത്രം,
ആരോഗ്യപ്പച്ചയാൽ രോഗങ്ങളാറ്റിയോർ,
ആയുസ്സെഴാതിന്നു ചത്തു മലയ്ക്കുന്നു.

കാട്ടു ഞാവൽ പഴം പോലുള്ള മുലഞ്ഞെട്ടു-
നൊട്ടി നുണഞ്ഞു  കൊഴുത്തു വളർന്നവർ,
കരയുവാൻ കഴിയാതെ ചാപിള്ളപേറുന്നു,
കനിവെഴാതമ്പുരാന്മാരേ മതിയിനി നിറുത്തുക.

ആദിവാസ്സികൾ പൊക്കോട്ടെ  കാട്ടിൽ,
ആരും വരേണ്ട നന്നാക്കുവാനെങ്ങളേ,
ആവാസ്സസംസ്ഥിതി മാറ്റാതിരിക്കുക,
ആരുമറിയാതെ ഞങ്ങൾ കഴിഞ്ഞിടാം.

കാട്ടു കനിയും, കിഴങ്ങും, ഈ കാട്ടു വാഴപ്പഴവും,
കാട്ടു ചോലയും, കുളിരും ,ഈകാട്ടുതേനും,വയമ്പും ,                                     ചേർത്തു കാനന ഹൃദയാന്തരങ്ങളിൽ എങ്ങളേ,
കാത്തിരുപ്പുണ്ടു മുത്തി - നോക്കിനില്പുണ്ട് മുത്തി.
ഒരുനാളിലവളുടെ നെറ്റിക്കൺ കനലിനാൽ,
ഒരുകുഞ്ഞുമില്ലാതെയായ്  നിൻ കുലം മുടിയും,
ഒരായിരം വിത്തുകൾ വാരിവിതച്ചവൾ,
ഒരു മുത്തു മാരിയായ് പെയ്തിറങ്ങും.

നിൻ അഭിമാനഗോപുരം കടലെടുക്കും,
നീയാർജ്ജ്ജിച്ചൊരറിവുകൾ  മറന്നു പോകും,
നിൻ മകൾനിൻ മുൻപിലഭിസരിക്കും,
നിൻ മനൈവി നിന്നെ വെടിഞ്ഞു പോകും,

കട്ടും കവർന്നുമായ്  നീകൊണ്ടതെല്ലാം,
കല്ക്കഷണമെന്നു നീ കണ്ടറിയും,
കട്ടിസ്വർണ്ണത്തിനാൽ നീ തീർത്ത-
കോട്ടകൾ, കൊത്തളം, പത്തനം കാടുകേറും.

ഒരുവേളയക്കാട്ടിലലയുമൊരുനഗ്നനായ്,
ഒരുദിനം നിന്നെ ഞാൻ കണ്ടു മുട്ടും  നീ-
ഒരു തുള്ളി കനിവിനായ്  നാവു നീട്ടും,
ഒരു ബോധവാത്മീകം വിട്ടു ഞാൻ നിന്മുന്നിൽ,
ഒരു കുമ്പിൾ കഞ്ഞി പകർന്നു നല്കും.

പിന്നെ അപരന്റെ ദുഖം സ്വദുഖമായ്ത്തീരുന്ന,
പങ്കുവെയ്ക്കുന്നതിൻ സന്തോഷമറിയുന്ന,
പലതല്ല ഒന്നെന്ന സത്യം പറയുന്ന,
പാഠം നിനക്കായ് പകർന്നു നല്കും.

ശ്രീ

No comments:

Post a Comment