Saturday, 1 November 2014

ഒരുനഷ്ടപ്രണയത്തിന്റെ ഓർമ്മയ്യ്ക്ക് ഒരുപിടി നൊമ്പരപ്പൂക്കൾ


1
തത്വ ശാസ്ത്രങ്ങളും താത്വിക ചിന്തകളും,
ഒരു ചീന്തു കടലാസ്സിൽ എഴുതിയുപേക്ഷിച്ചു,
നമ്മൾക്കു പിരിയാം ചിരിച്ച മുഖവുമായ്,
വീണ്ടും ഒരിക്കലും കാണാതിരുന്നേക്കാം ,
എങ്കിലുമോർമ്മയിൽ ഉണരട്ടെ,
പഴയൊരാ ദിനങ്ങളും നിമിഷങ്ങളും.
2

വീണ്ടുമൊരു പനിനീർ മലർ വിരിയും ,
നിന്റെ തൊടിയിൽ ഇതളുകളിൽ ഇറ്റു-
നില്ക്കുന്നൊരാ മഞ്ഞിൻ കണികയുമായ്,
ഇവിടെയോ വെയിലേറ്റു വാടിവീഴുന്നൊരാ,
വാകതൻ പൂക്കളും ദുഖംതിളച്ചു പതയുന്ന,
കായലിൻ തപ്ത നിശ്വാസമേറ്റിനി,
തേങ്ങിപ്പിടയുംചൂളമരങ്ങളും ,നീളുന്ന നിഴലും,
3
ഇനിയീ വിഷാദത്തിൻ പർവ്വം കടന്നൊരു,
സന്തോഷലോകത്തിലേക്കെത്തുവാൻ,
എന്തുചെയ്തീടണം ഞാനെന്നു ചൊല്ക നീ,
പിന്നെ ഒരു മാത്ര നില്ക്കാതെ ഒന്നുമേ ഓരാതെ
പൊയ്കൊൾക എൻ സഖീ ജീവിതത്തിന്റെ,
ഹരിതവർണ്ണങ്ങൾ വിളിപ്പു നിന്നെ.
4
കാർത്തികവിളക്കുകൾ കരിന്തിരി കത്തുന്നു,
കാർത്തിക നക്ഷത്രമിന്നസ്തമിക്കുന്നു,
കാത്തിരിപ്പുകൾ വ്യർത്ഥമെന്നോതി,
നീ കാത്തു നില്ക്കാതകന്നു പോയീടവേ.
5
ഓർമ്മയിലോരോ ദിനങ്ങളുണരുന്നു,
നമ്മൾ പരസ്പരം എല്ലാം മറന്നങ്ങു -
നിന്ന നിമിഷങ്ങൾ,
ഒരു ദിനം നീ ചൂടി വന്നൊരാ മുല്ലമാല തൻ-
ഇതളുകൾ ഇന്നും ഉറങ്ങുന്ന പുസ്തകത്താളുകൾ,
ഒക്കയും എത്രമേൽ ഹൃദ്യം.......
ഒക്കയും ഏത്രമേൽ ഹൃദ്യം.
6
ഇനി നീ പിരിയുന്നോരീവേളയിലെന്റെ ,
സ്വപ്നങ്ങൾ മാത്രം മടക്കിത്തരില്ല ഞാൻ,
ഉള്ളിന്റെ ഉള്ളിൽ വിരിയുന്ന“ നൊമ്പരപ്പൂക്കൾ”,
നീ കാണാതിരിക്കുവാൻ കരുതട്ടെ ഞാൻ.
7
ഓമനേ  നിന്മുഖത്തെന്നോ വിരിഞ്ഞൊരാ-
സ്മേരമെന്നോർമ്മയിൽ വീണ്ടും ഉണരവേ ,
രാവിലൊരു പാരിജാതം വിടരുന്നു, നീയതിൻ
സ്നേഹസൌരഭ്യമാകുന്നു-സാമിപ്യമാകുന്നു.
8
ജീവിതം നല്കിയ കയ്പ്പു നുണഞ്ഞു ഞാൻ,
എന്റെ ചൊടികൾ വരണ്ടു നില്ക്കേ.
എന്നോ നീയെനിക്കേകിയൊരാ സ്നേഹ-
ചുംബനം മാത്രമേ ബാക്കി നില്പ്പൂ.
9

ഈണം മറന്നൊരീ ഈരടി നിൻ കാതിലെത്തവേ,
ഓർക്കുമോ മൽസഖീ മധുരസ്വപ്നങ്ങൾ,
ഒരുക്കുമാ ശയ്യയിൽ വീണിന്നുറക്കമാണെങ്കിലും,
മയക്കമാണെങ്കിലും.
10
“പോകുവാനെത്രയോ ദൂരം  ഹാ ഈ യാത്രയിൽ -
കാണുന്ന മോഹന രൂപങ്ങൾ ഈ ശാന്തി-
ഗീതങ്ങൾ എകുന്നതില്ലെനിക്കൊന്നും“.
11
അക്കങ്ങൾ ജീവിതയാത്രയ്ക്കു ചുക്കാൻപിടിക്കുന്നു,
സ്വന്തബന്ധങ്ങൾ തീർക്കുന്ന ബന്ധനത്തിൽ
പെട്ടുഴറിപ്പിടഞ്ഞു കുഴഞ്ഞു വീഴ്കേ,
ഒരു കുഞ്ഞു കൈവിരൽ സ്പർശനം കൊണ്ടു-
നീ എന്നെ ഉണർത്തുമെന്നോർത്തു കിടന്നു  ഞാൻ.
12
ഇനിയുമൊരു ചെറു ചിരിയുമൊരു പ്രേമ ഗീതവും,
ഒരു തേൻ തുളുമ്പുന്ന വാക്കും നല്കുവാനില്ലൊന്നും ,
എന്റെ ഭാണ്ഡ്ത്തിലീ ആർദ്രവിഷാദത്തിൻ ഗീതമന്യേ.
13
രാവിന്റെ കൊമ്പിൽ ഇരുന്നു വിതുമ്പുന്ന,
രാപ്പാടി നിൻ മ്രുദുഗാനത്തിലൂറുന്ന ഗദ്ഗദം ,
മായ്ക്കാൻ മറയ്ക്കാൻ വൃഥാ നീ ശ്രമിച്ചാലും
നിന്നെ അറിയുമെനിക്കറിയാം നിന്റെ,
നെഞ്ചിൽ നിറയുംവിഷാദം.
14
ആത്മനൊമ്പരങ്ങൾ മാത്രമാണെന്റെ-
കൂട്ടുകാർ എങ്കിലുമീജന്മ തടവറയിൽ,
ഞാനെന്റെ മോഹങ്ങൾ,
മുറുകെ പ്പുണർന്നിനി ഉറങ്ങാൻ ശ്രമിക്കട്ടെ,
മയങ്ങാൻ തുടങ്ങട്ടെ.
16
നിറയെത്തുളുമ്പുന്ന മധു പാത്രം നീ നിന്റെ,
ചൂണ്ടോടു ചേർത്തു നുകർന്നു നില്ല്ക്കേ,
കട്ടച്ച കൂരിരുൾ മൂടുമീ പ്പാതയിൽ ഞാനിന്നു,
ദിക്കറിയാതെ നില്ക്കേ ഒരുകുഞ്ഞു നക്ഷത്രവെട്ടമായ്- നീയെന്റെ വഴിയിൽ നിറഞ്ഞു തെളിഞ്ഞു വെങ്കിൽ.

17
”ഏറെക്കൊതിച്ചവ നേടാഞ്ഞ ദുഖവും,
ഏറെക്കൊതിച്ചവ നേടിയ ദുഖവും,
ജീവിതത്തിൻ ദുരന്തമെന്നത്രേ“
പണ്ടു നീചൊന്നതിന്നു മോർക്കുന്നു ഞാൻ.
18
പണ്ടു  നമ്മൾ പരസ്പരം മാനസം,
പങ്കുവെച്ച് ഒന്നിച്ചു വന്നൊരാ വീഥികളിൽ,
ഞാൻ നിന്റെ കാലടിപ്പാടുകൾ തേടി-
തളർന്നൂ ,തനിച്ചു നില്ക്കേ,
നീയോ പുഷ്പങ്ങളേറെ വിരിച്ചേതു,
പാതയിൽ മന്ദമായ് മുന്നോട്ടു പോകയാകാം.
19
നിദ്രവന്നു തഴുകി ത്തലോടുന്ന വേളയിൽ,
അറിയാതെ നെഞ്ചിന്റെയുള്ളിൽ തുടിക്കുന്ന-
ജീവന്റെ താളത്തിനൊപ്പമേ നിന്റെ പേരാരോ,
മൃദുവായ് ജ്പിക്കുന്നതറിവു ഞാൻ.

20
എല്ലാം വെറു മൊരു ഭ്രാന്തായ് മാറട്ടെ,
എല്ലാം വെറുമൊരു കെട്ടു കഥയാകട്ടെ,
എല്ലാം വെറുമൊരു ദുസ്വപ്നമാകട്ടെ
എല്ലാം മറന്നിട്ടുറങ്ങാൻ തുടങ്ങട്ടെ,
മയങ്ങാൻ ശ്രമിക്കട്ടെ.
21
എങ്കിലും വാനമൊരു നീലനിറമാളുമ്പോൾ,
നിൻ നീലമിഴികളെന്നുള്ളിൽ നിറഞ്ഞു നില്ക്കും,
എങ്കിലും സന്ധ്യകൾ ചുവന്നു തുടുക്കുമ്പോൾ,
നീ തൊട്ട പൊട്ടെന്റെ ചിന്തയിൽ കത്തി നില്ക്കും,
എങ്കിലും മുല്ലകൾ പൂത്തു നില്ല്കെ,
നിൻ ഗന്ധമെന്നിൽ നിറഞ്ഞു നില്ക്കും.
22
നാളെ കിഴക്കൂന്നു വന്നൊരാക്കാറ്റു,
നിൻ തൊടിയിലെ പനി നീർ മലരിൻ-
ഇതളുകൾ മെല്ലെ ത്തഴുകി കടന്നു പോകും,
ഇവിടെയോ വാകയിൽ പൂവുകൾ ഏറെയുണ്ടു-
ഇനിയുമവ വെയിലേറ്റു വാടി വീഴും,
ദുഃഖം തിളച്ചു പതയുന്ന കായലിൻ-
തപ്ത നിശ്വാസമേറ്റിനി തേങ്ങിപ്പിടയും,
ചൂള മരങ്ങൾ വീണ്ടും.!

ശ്രീ
1991ഡി.ബീ. കോളേജ്ശാസ്താം കോട്ട
കോളജു മാഗസിനിലേക്ക് എഴുതിയ കവിത

No comments:

Post a Comment