Wednesday 8 September 2021

 അമർത്യർ 

അപരനുയിർനേദിച്ച  പോർവീരരേ

അപരലോകത്ത് അമരരായ് തീരുക

അപര ജൻമരഹിതം രാജിക്ക നിങ്ങൾ

അപമൃത്യു അല്ലിത് വീര സ്വർഗ്ഗം പൂകൽ

അറിയില്ലയാർക്കും തൻസ്വാസ്ഥ്യമെല്ലാം

അറിയായാതാരോ നൽകും ഭിക്ഷയെന്നും

അറിയില്ല തനിക്കു പകരമാരോ തന്നുടെ

അനർഘജൻമം ബലിദാനമായ് അർപ്പിച്ചതും

അറിവെഴാതെന്നും ഉണ്ടുറങ്ങിയുണർന്നും

അന്യന്റെ കുറവുകൾ തേടിയലഞ്ഞും

അന്യഭാവുകത്തിലെന്നും ഈർഷ്യയാർന്നും

അടങ്ങാ തൃഷ്ണ തൻ ലഹരി നുകർന്നും

ആയിരം പതിനായിരമിങ്ങനെ സമ്പാദ്യവും

ആന അമ്പാരി സ്ഥാനമാനങ്ങളും മോഹിച്ചു

ആരെയും ചതിച്ചും കട്ടും കവർന്നും നേടിയ

അഴകാർന്ന കോട്ടയും കൊത്തളവുമെല്ലാം

അടങ്ങാത്ത ആർത്തിയും ദുരയുമായ് തൻ

ആയുർബലഭാഗ്യദത്തമെന്നോർത്തുംമദിച്ചും

ആർത്തുലസിച്ചും വീരസ്യം നടിച്ചു ഞെളിയും

ആധുനിക മഹാനുഭാവൻമാരേ അറിയൂമോ

ആരോരുമറിയാതെ അതിർത്തി കാക്കൂമാ

ആരുയിർ സോദരർ തൻ ജീവൻ നൽകി

അണയാതെ കരുതുന്നു  നിനക്കുള്ളതെല്ലാം

അറിയാതെ പോകരുതാരുമാ ത്യാഗചരിതം

അലിവല്ല അംഗീകാരമാണവർക്കർഹ്യം

അഭിമാന പൂർവ്വമോർക്കുകവരെ നിത്യം

അവർചൊരിഞ്ഞ ചോരയിലാണെന്നും

അഹങ്കാര പൂർവ്വം ചവുട്ടി നീ നിൽപ്പൂ

അടുത്ത ക്ഷണം അണയുമെന്നറിഞ്ഞും

അന്യനുപകാരാർത്ഥമായീ .തൻ ജൻമം 

അല്പവും ശങ്കിക്കാതന്യനാട്ടിൽ ത്യജിക്കും

അമരരാം വീരരേ  നിങ്ങൾക്കഭിവന്ദനം

No comments: