Wednesday 8 September 2021

 വാഴക്കുല


ജൻമി തൻ വീട്ടിലെ വാഴക്കുല

കണ്ടു കൊതിച്ചൂ അടിയാൻ രാമൻ

കിട്ടിയാൽ നന്നായിരുന്നു

എങ്കിലും മനസ്സടക്കി വേണ്ട

തമ്പ്രാട്ടിക്കിഷ്ടമാകൊലാ.


പെട്ടന്നുടനെയതാ തമ്പ്രാട്ടിയോതി രാമാ

ആ കുല വേണേൽ വെട്ടിയെടുത്തോ 

നിൻ കുട്യോൾക്കു കൊടുക്കാം

മനസ്സിൽ തോന്നീ മോഹമാ ചെറു

 ഞാലി പ്പൂവൻ കുലയോടപ്പോളാദ്യമായ്


കുട്യോൾക്കു തമ്പ്രാട്ടിതൻ സമ്മാനമേറെ

 പ്രിയമാകുമെങ്കിലും വേണ്ടാ തമ്പ്രാട്ടീ 

അവിടുന്നെടുത്താട്ടേയെന്നോതി 

തിരിഞ്ഞു നടക്കവേ കേട്ടൂ

 ഞാനല്ലേ നൽകുന്നത് കുട്യോൾക്കു കൊടുക്കു

 തമ്പ്രാട്ടി തന്നതെന്നോതി നീ 


നിറഞ്ഞു മനം ഉണ്ടല്ലൊ കരുതൽ, 

തമ്പ്രാട്ടിക്കെൻ കുട്ടികളേപ്പറ്റിയേറ്റം,

എന്നു നിരൂപിച്ചൂ സന്തോഷിച്ചേറെ

പതിയെ കുലതലയിലേറ്റി നടക്കാൻ 

തുടങ്ങവേ മനം തുടികൊട്ടി രാമനും, 


മക്കൾക്കിന്നിതമൃതേത്താകും 

ഭാര്യയ്ക്കും തമ്പ്രാട്ടിയോടേവം

തൃപ്തി തോന്നിടും

വിഷവും വളവുമേകാതെ 

തനിയേ തമ്പ്രാട്ടിതൻ തൊടിയിൽ വിരിഞ്ഞ 

കുലതൻ തേൻ രുചി നാവിലുറി രാമനും


 സന്തോഷമോടേറ്റം നട കൊണ്ടാൻ 

കുലയും പേറി  മന്ദം സാമോദം

പെട്ടന്നതാ ഒരു പിൻവിളി

രാമാ അടിപടല മുറിച്ചിവിടെ 

തന്നിട്ടുപോകൂ കൊതിയുണ്ടേവ മെനിക്കും

 ചെറു ഞാലിപ്പൂവൻ പഴംകഴിക്കാൻ 


അയ്യോ ഞാനെന്തു സ്വാർത്ഥൻ 

തൻ തൊടിയിൽ വിരിഞ്ഞ കുല കണ്ടു 

രാമൻ കൊതിക്കെ ഒരു ചേലിനു 

വേണേൽ എടുത്തുകൊൾകെന്നതുകേട്ടുടനെ

 സ്വന്തമാക്കാൻ ചാടി പുറപ്പെട്ടല്ലോ 


മര്യാദയില്ലാതെ ഹാ കഷ്ട്ടം വിഡ്ഢി ഞാൻ,,

പ്രായമുള്ളോർതൻ മോഹമേറിടും 

ഏറെ പ്രിയ തര രുചികളിൽ വസ്തു വകകളിൽ

 എന്നോർത്തില്ല ഞാൻ  തൻ കാര്യം നോക്കി


അയ്യോ തമ്പ്രാട്ടി വേണ്ട  അറിയാതെടുത്തു പോയ്

 വേണ്ടെനിക്കീക്കുല ക്ഷമിക്കണം അവിടുന്നെടുത്താട്ടേ

 എന്നോതി തിരിഞ്ഞു നടക്കവേ   

കേട്ടു പിന്നിൽ കുപിത സ്വരം

അഹങ്കാരിയീ രാമൻ കുശുമ്പൻ സ്വാർത്ഥനും

 എൻതൊടിയിലെ കുല ഞാൻ നൽകിയിട്ടും

 രണ്ടു പഴമിങ്ങുതാ എന്നുപറയെ

കുലയുമുപേക്ഷിച്ചങ്ങു പോയവൻ  

നന്ദികെട്ടോൻ എങ്ങിനെ പിന്നെ  

ഗുണംപിടിക്കുമിവൻ സാമദ്രോഹി  

നന്നാവുകില്ലോരുകാലവും നീ


വഴിയേ പോയ പഴി ചാടിയെടുത്ത രാമൻ

നിറഞ്ഞകണ്ണുകളാരും കാണാതടച്ചു പിടിച്ചു

രാമനുറക്കെ പറഞ്ഞു മനസ്സിൽ 

തമ്പ്രാട്ടീ വേണ്ടയെന്നോതിയിട്ടും 

പിടിച്ചേൽപ്പിച്ചതാം പൊരുളിൻ 

പങ്കവിടുന്നു കേട്ടത് ശരിയോ


വാലം നില നിൽക്കേ നീട്ടിയ പൊരുൾ 

വാങ്ങി പോയാൽ ഉതകാതെ പോമല്ലോ

 എന്നല്ലേ പഴമൊഴിയതിനാലെൻ

 മോഹമടക്കിയല്ലേ വേണ്ടന്നോതിയതടിയൻ

  അതിനാൽ 

ഇല്ലാ കുറ്റബോധം തെല്ലും മനസ്സിലെന്നറിയൂ


അഹങ്കാരിയല്ലടിയൻ അഭിമാനി യെന്നറിയുക

 സ്വാർത്ഥനല്ലടിയൻ ത്യജിച്ചതെൻ മോഹം

നിന്ദിച്ചതല്ല  തിരിച്ചു നൽകിയത് 

അവിടുത്തെ ആഗ്രഹം തീരാൻ


കെടുമ്പു കാട്ടി പോയതല്ല കൊടുത്തതാണ് 

തിരിയെ അവിടുത്തെ സന്തോഷത്തിനായ് 

നാണമെന്യേ അന്യ മുതലാഗ്രഹിച്ചെന്ന

പഴി  മടിയെഴാതെ ഞാനേൽക്കുന്നു

മേലിലാവർത്തിക്കില്ലിതുപോലവിവേകം തെല്ലും

 തമ്പ്രാട്ടി അവിടുന്നു പൊറുത്താലും

No comments: