Wednesday 8 September 2021

 സയനോരാ


സയനോരാ

എൻ പൊന്നുമക്കളെ

പോകുന്നു അച്ഛൻ

വാരിപ്പുണർന്നുമ്മവെക്കും

പതിവുതെറ്റിച്ചു ദൂരെനിന്ന്

ഒരു നോക്കുകണ്ടുപോകട്ടെ

ഞാൻ

സയനോരാ എൻ പ്രിയതമേ

കെട്ടിപുണർന്നൊന്നമർത്തി

ചുംബിച്ചിടാൻ കൊതിക്കും

ഉൾത്തടംമറയ്ക്കട്ടെ ഞാൻ


കൊതിതീർന്നു പുൽകി

പുണർന്നതില്ലാ മുകർന്നു

കൊഞ്ചിച്ചു തീർന്നതില്ലാ

സ്നേഹിച്ചു തീർന്നതില്ലാ

തെല്ലും നിങ്ങളെ എങ്കിലും

സായനോരാ


ആതുര ശുശ്രുഷയ്ക്കായ്

ഈശൻ നിയോഗിച്ചെന്നെ

പോകണം സഹായമായ്

ഇതെൻ ജൻമനിയോഗം


മാനവരാശിതൻ നൻമയ്കു

പ്രതിജ്ഞാബദ്ധമാം കർമ്മം

അനുഷ്ടിച്ചിടേണമിതെൻ

ധർമ്മം ആയതിനായോതും

വിടവാങ്ങലിതു നിശബ്ദം

ചൊല്ലുന്നു സായനൊരാ


സ്പർശനാലിംഗനംചുംബന

സ്നേഹസാമിപ്യമൊക്കയും

നിഷിദ്ധ്യമതിനാൽ പകരും

മഹാമാരിതൻ വിത്തുകൾ

മുളപൊട്ടി ഒന്നിനു പത്തായ്


ശാസ്ത്രങ്ങൾ കാര്യങ്ങൾ

കാരണം ഒക്കെ നിരത്തി

യുക്തിഭദ്രമായ് തലനാരിഴ

കീറി നിരത്തും സിദ്ധാന്തം

മെല്ലാത്തിനും അതീതം

പ്രകൃതി തൻ നിയമങ്ങൾ


എല്ലാം ഉല്ലംഘിച്ചുപോകും

മാനവ ദുരതൻ മണ്ടയ്ക്കു

കൊട്ടുവാനുയർത്തുമൊരു

ചെറു വിരലനക്കം പോലും

താങ്ങില്ല മാനുഷനെങ്കിലും

ഔദ്ധത്യം പൂണ്ടു പറയുന്നു

ഞാൻ ദിഗ്വിജയി ആരുണ്ടു

കെട്ടുവാനെൻ കുതിരയെ


ഒടുവിലിതാ ശിക്ഷയായേറ്റു

വാങ്ങുമീ മഹാരോഗാണു

സംക്രമണമൊക്കയും

പ്രതിദിനം പ്രതിവിധിയേ

കാണാതെ പെരുകുന്നു

ഭുലോകമാകെ പടരുന്നു


സായനോരാ മൽപ്രിയേ

ഇനിയില്ല ചെറുചിരിയും

ഒരു പ്രേമഭാഷണവും

ഇനിയില്ല തണുവിരൽ

സ്പർശ്ശവും ആർദ്രമാം

അരിയ ചുബനക്കുളിരും


സയനോരാ മൽകുരുന്നേ

മൽപ്രിയേ ആതുര സേവന

വ്യഗ്രതയാൽ പകർന്നതാം

രോഗാണുജാലം ബാധിച്ചു

ഞാനുമൊരണുവാഹകൻ

ഇനിയേറയില്ലാ ദിനങ്ങൾ

ചുമ വിറപ്പിച്ചിടും നെഞ്ചകം

വെടിഞ്ഞീ ദേഹിയകന്നിടാം


ആയതിൻ മുൻപെയൊരു

മാത്ര പാർത്തു പോന്നിടാൻ

പടിവാതിലെത്തിയീ ഞാൻ

ഒടിയണഞ്ഞിടാൻ വെമ്പുമീ

പാദങ്ങൾ മണ്ണിലാഴ്ത്തിയും

വിറകൊണ്ട കൈകളാൽ

ചൊല്ലുന്നു സായനോരാ



(കൊറോണ ബാധിച്ചവരെ ചികിൽസിച്ചു ഒടുവിൽ തന്റെ മരണം അടുത്തെത്തി എന്നറിഞ്ഞു സ്വന്തം മക്കളെ ദൂരെനിന്ന് കൈവീശി അന്ത്യ യാത്ര പറയുന്ന ഇന്തോനേഷ്യൻ ഡോക്ടർ ഹാദിയോ അലിയും ആ ഫോട്ടോ എടുത്ത അദ്ദേഹത്തിൻറെ ഭാര്യയും കൊറോണയിൽ വിറങ്ങലിച്ച ലോകത്തിന്റെ നേർചിത്രമാകുന്നു...

ജക്കാർത്തയിൽ നിരവധി കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച യുവ ന്യൂറോളജിസ്റ്റായ ഡോക്ടർ March 22 ന് ആണ് മരിച്ചത്. അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണത്. ഗേറ്റിനു വെളിയിൽ നിന്ന് തന്റെ ഗർഭിണിയായ ഭാര്യയെയും 2 പെൺകുഞ്ഞുങ്ങളെയും ഒന്നു കണ്ടു മടങ്ങുക മാത്രമായിരുന്നു,

തൻ്റെ പ്രൊഫഷന്റെ മഹത്വം വാനോളമുയർത്തി എല്ലാവർക്കും മാതൃകയായ ആ ഡോക്ടർ...)


No comments: