Sunday 5 September 2021

 നീയെൻ മകൻ


വിശന്നേറെ വലഞ്ഞൊരെൻ മുന്നിൽ 

കാടുലയവേ ഒന്നുമോർക്കാതെടുത്തു

ചാടികടിച്ചു കുടഞ്ഞുപോയ് നിന്നമ്മയെ

ഒപ്പം നീയുണ്ടെന്നറിഞ്ഞീല നിന്നാണെ 

ഞാൻ കുഞ്ഞേ പൊറുക്കുക.


എങ്ങിനെ ഞാനാറ്റും നിൻ നോവും 

എന്നുള്ളിൻ നീറ്റലും കുരുന്നേ

ക്രൂരമെൻ ദ്രംഷ്ട്രയിൽ കുരുങ്ങി 

പൊലിയുവതൊരമ്മെയെന്നറിഞ്ഞീല 

കാളും വിശപ്പാലെൻ കണ്ണുകളടഞ്ഞു പോയ്


കഴുത്തിൽ കോമ്പല്ലുകളാഴ്ത്തി

 കോർത്തുവലിച്ചു മരമേറവേ കണ്ടു

കൺകോണുകളാൽ മുലഞെട്ടിൽ

കടിച്ചു തൂങ്ങിയാടി കിടന്ന നിന്നെ


ഒരു നൊടിയിടയിൽ പോയ് 

മറഞ്ഞൊരെൻ പൈ ദാഹമെല്ലാം 

തലയിലൊരു വൻമലയിടിഞ്ഞു 

വീണതു  പോലായ് ഞാൻ 


കൂർത്തൊരു കട്ടാരമുള്ളിൻ 

മുന പോൽ നേർത്തതാം  നിൻ 

കരച്ചിൽ കാതിൽ  തറയ്ക്കുന്നു

എങ്ങിനെയാറ്റും നിന്നഴൽ പൊന്നേ

എങ്ങിനെ പോറ്റും നിന്നെ ഞാൻ.


ഇല്ല ഞാൻ കൈവിടില്ലാ ചോര മണത്താർക്കുമാ

 ദുഷ്ടർക്കെറിഞ്ഞു കൊടുക്കൊലാ നിന്നെ 

വംശവും വർഗ്ഗവും വർണവും വേറെയെങ്കിലും

മാതൃഹൃദയമതൊന്നുതാൻ  


പെറ്റെണീറ്റു വന്നവൾ ഞാനും നിന്നമ്മയേപ്പോൽ

എൻ ഏകജാതനെയെൻ കണവൻ

 കടിച്ചു കുടഞ്ഞു കൊന്നെൻ മുന്നിൽ

അവനായ് ചുരത്തീടുമെൻ 

മുലകൾ നിനക്കേകിടാം ഞാൻ


ആരുമെന്തും പറഞ്ഞോട്ടെ

കരയരുതിനിമേൽ തെല്ലും 

കാടിൻ നീതിയതെന്താകിലും  

ഞാൻ നിന്നമ്മ ഇനിമേൽ നീയെൻ മകൻ

No comments: