Wednesday 8 September 2021

നാം


ഒടുവിൽ ഈ വഴിയമ്പലത്തിൽ

നാം കണ്ടുമുട്ടിയപ്പോഴേക്കും

ഒരുപാടു  വൈകിപ്പോയിരുന്നു ,

എന്റേതും നിൻ്റേതുമായി ഒരിക്കലും

 പങ്കുവെക്കുവാനരുതാത്ത

ഒരുപാടു ഭാണ്ഡങ്ങൾ.പേറി നാം

ഇരുവരും തളർന്നു പോയിരുന്നു .

ഒരു ഉണങ്ങിയ ഇല ചുണ്ടിൽ  

പറ്റിപിടിച്ചതുപോലെയിരുന്നു

എന്നെ കണ്ടയുടനെ നിന്റെ ചിരി,

ഒരിക്കലത് ഒരു നന്ത്യാർവട്ടപ്പൂവായിരുന്നു.

നീലത്തിരമാലപോൽ അലയടിച്ചിരുന്ന

വാർമുടി ചുരുളുകൾ  ഏറെ.നരച്ചിരുന്നു,

തേച്ചുമിനുക്കിയമാതിരിയിരുന്ന നെറ്റിതടം

നീണ്ട ചുളിവുകൾ വീണിരുണ്ടിരുന്നു .

കരിംകൂവളമിഴികൾ  തിമിരബാധിതം

വിളറി വെളുത്തു മങ്ങിപ്പോയിരുന്നു,

പനിനീർ  കവിൾതടങ്ങൾ ഒട്ടിപോയിരുന്നു,

തുടുത്തചുണ്ടുകൾ കരുവാളിച്ച്

ഉലഞ്ഞുപോയിരുന്നു.

നാഗപടത്താലി തിളങ്ങിയ ശംഖുപോലുള്ള 

 കഴുത്തിലൊരു കറുത്ത ചരടു മാത്രം,

വില്ലൊത്ത തോളുകൾ വല്ലാതെ കൂനുകയും

 ചാഞ്ഞുവീഴുകയും  ചെയ്തിരുന്നു .

എള്ളിൻപൂവൊത്ത നീണ്ട മൂക്കിലെ

മൂക്കുത്തിയിൽ പണ്ടുണ്ടായിരുന്ന

ചുവന്ന കല്ലിളകി പോയിരുന്നു,

ഓറഞ്ചിന്റെ അല്ലിപോലുള്ള ചെവികളിൽ

മുക്കൂറ്റി കമ്മലിനു പകരം ഉണങ്ങിയ 

ഈർക്കിൽ ചീളുകൾ  കുത്തിവെച്ചിരിക്കുന്നു.

കടഞ്ഞെടുത്ത പോലിരുന്ന ദേഹം

ചടച്ചു മെലിഞ്ഞു പോയിരുന്നു,

നീണ്ട മനോഹരമായ നിന്റെ കൈവിരലുകൾ

വിറയാർന്നു നീല ഞരമ്പെഴുന്നു നിന്നിരുന്നു.

മലർചൂടി നീലപട്ടുടുത്തു കണ്ടിരുന്ന 

നീയിന്ന് നിറംമങ്ങിയ കാവി സാരിയുടുത്തിരുന്നു,

പതിയെയുള്ള നടത്തത്തിൽ കാലടികൾ

എവിടെയോ തട്ടി ചോരപൊടിഞ്ഞിരുന്നു.

എങ്കിലും അന്ധകുപത്തിലെ 

നീർത്തിളക്കം പോൽ അഗാധമാം നിൻ മിഴികളിൽ,

എന്നെ കാൺകെ പണ്ടുണ്ടായിരുന്നൊരാ 

ചില്ലുവെളിച്ചം എനിക്കിപ്പോഴും കാണാം.

വിവശം ഉയർന്നു താഴുന്ന നെഞ്ചിൽ 

ഒരു സ്നേഹസാഗരമിരമ്പുന്നതു കേൾക്കാം,

വിറയാർന്ന ചുണ്ടിൽ പറയാതെ പതിരായ

ഒരായിരം വാക്കുകൾ ഉലയുന്നതു കാണാം.

അരുത് പറയരുത് പറയാതെ പരസ്പരം

നാമറിഞ്ഞൊരാവാക്കിൻ വിശുദ്ധിയിലല്ലേ

ഈ കനൽ കാടത്രയും നാം താണ്ടിയത്,

ഇനിയതറിയുവാൻ നമുക്ക് മൊഴിയെന്തിന്.

വരു ഭയമെഴാതെന്നരികത്തിരിക്കൂ ,

ഇനിയീ  തോളിൽ നിൻ തലചായ്ക്കൂ,

നിറഞൊഴുകുമീ  മിഴികൾ തുടയ്കരുത്

അവ പെയ്തൊഴിയട്ടെ ആവോളം.

വിറയോലും നിൻ വിരൽതുമ്പിൻ സംവേദനം

ഈ പഴങ്കൂടിനൊരൂർജ്ജമായിടട്ടെ മേൽ,

ഞെട്ടറ്റുവീഴുവോളമീ പാരസ്പര്യ സുഖം

നമുക്ക് അമൃതമായ് നുണയാം,

അല്ലെങ്കിൽ എന്തിനൊന്നിച്ചു നമ്മൾ.

ഇതുപോലിങ്ങനെ

ഈ അവസാന സത്രത്തിൽ. 

1 comment:

Unknown said...

ജീവിതസായാഹ്നത്തിൽ കണ്ടുമുട്ടിയ കാമുകീകമുകന്മാർ. യൗവനത്തിന്റെ തിളക്കങ്ങളിൽ നിന്നും വർദ്ധക്യത്തിന്റ ശുഷ്കതയിലേക്കും, ജരാനരകളിലേക്കും എത്തിയ കാമുകിയുടെ വിറയർന്ന ചുണ്ടിലെ പറയാതെ അറിഞ്ഞ വാക്കുകളുടെ വിശുദ്ധിയിലൂടെയും, വിരൽ തുമ്പിന്റെ സംവേദനത്തിലൂടെയും ലഭിച്ച ഉർജത്തിലൂടെ അവസാന നാളുകളിൽ ഒന്നാകുവാൻ ആഗ്രഹിക്കുന്ന കാമുകൻ. വളെരെ മനോഹരമായ വരികൾ.