Sunday 5 September 2021

 ഉറങ്ങുന്ന സുന്ദരീ 


കുന്നും മലയും പുഴയും 

കാറ്റാടിമരക്കാടും കടന്ന്

അഗാധ നീലിമയാർന്ന

ഏഴാം കടലിനടിയിലെ 

വെണ്ണക്കൽ കൊട്ടാരവും 

അതിന്റ രത്നങ്ങൾ പതിച്ച 

ശംഖിൻ കവാടവും താണ്ടി 

നിന്നെയും വാരിയെടുത്ത് 

തീരമണഞ്ഞത് നീ അറിയാതെ പോയ്,


ഉറങ്ങുന്ന സുന്ദരീ

കണ്ണുകൾ

ഇറുക്കിയടച്ചു നീയീ

മയിൽപീലിമെത്തയിൽ

മയങ്ങി കിടക്കവേ

നിൻ ചുറ്റിലും പ്രേമത്തിൻ

ലാവണ്ടർ പുഷ്പങ്ങൾ

വിരിഞ്ഞു സൗരഭമാർന്നതും

പ്രണയകപോതങ്ങൾ നിൻചാരേ 

കുറുകിയതും നീയറിഞ്ഞില്ല


ഉറങ്ങുന്ന സുന്ദരീ കണ്ണുകളിറുകിയടച്ചു 

നീ കണ്ട സ്വപ്നത്തിലത്രയും

നിന്നെ രക്ഷിക്കാൻ നീലവാനിലൂടെ

 തുവൽചിറകുകൾ 

വീശി പറന്നു വരുന്ന 

ഒറ്റക്കൊമ്പുള്ള വെള്ളി ക്കുതിരയിലേറിയ 

രാജകുമാരനായിരുന്നു


ഉറങ്ങുന്നസുന്ദരീ

നീ കാത്തിരുന്നതത്രയും 

അവനെ ആയിരുന്നു 

അവനായിരുന്നു നിൻ മോഹന സ്വപ്നം

എന്നെ വിട്ടു പോകരുതെ

എന്ന് മയക്കത്തിൽ

 നീ പിറുപിറുക്കുന്നുണ്ടായിരുന്നു

ഉറങ്ങുന്ന സുന്ദരീ

കണ്ണുകൾ ഇറുകിയടച്ചതിനാൽ

നീ എന്നെകണ്ടിരുന്നീല്ല

നിന്നെ തേടി മണ്ണിലുടുള്ള യാത്രയിൽ 

ഞാൻ ഏറെ അവശനായിരുന്നു

എന്റെ വസ്ത്രങ്ങൾ പൊടിയടിഞ്ഞു 

വിയർപ്പിലൊട്ടിയിരുന്നു

മലിനമായിരുന്നു ദേഹം

എന്റെ പാദങ്ങൾ കല്ലുകളിൽ തട്ടി 

ചോരപൊടിഞ്ഞിരുന്നു

വിശപ്പുകൊണ്ട് വേച്ചുപോകുന്ന

എനിക്ക് സ്വന്തമെന്നു പറയുവാൻ ദുർഗന്ധം

വമിക്കുന്ന ഈ ഭാണ്ഡം മാത്രമേ ഉള്ളൂ 


ഉറങുനസുന്ദരീ 

കണ്ണുകൾഇറുക്കിയടച്ചോളൂ

 എന്നെ നീ കാണരുത്  

നിന്നെ രക്ഷിച്ചത്  നിന്റെ മോഹന സ്വപ്നത്തിലെ  

ആ സുന്ദര രാജകുമാരനായിരുന്നോട്ടെ


ഉറങ്ങുകെൻ സുന്ദരീ 

വാതിൽചാരി ഞാൻ

പോകുവോളം നീ ഉണരാതിരിക്കൂക


ഉറങ്ങുമെൻ സുന്ദരീ

നിൻചുണ്ടിൽ തങ്ങുമീ

പുഞ്ചിരി മതിയെനിക്ക്

നിനോർമ്മയ്ക്കായാ്‌

വാരിയെടുത്തോടുമ്പോൾ

എൻ്റെനെഞ്ചോടു ചേർന്ന 

നിൻ ചൂടിനിയെൻ വാഴ്വിന്

ഊർജ്ജമാകട്ടെ  പോകട്ടെ

ഞാൻ  

സ്വച്ഛം ഉറങ്ങുകെൻ സുന്ദരീ

No comments: